dr-v-meera

കൊച്ചി: കുസാറ്റ് രജിസ്ട്രാർ ഡോ.വി. മീര സർ‌വീസിൽ നിന്ന് വിരമിക്കുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് പോളിമർ സയൻസ് ആൻഡ് റബർ ടെക്‌നോളജി വിഭാഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്ര അയപ്പ് ചടങ്ങിൽ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, എം.വിജിൻ എം.എൽ.എ, ഫിനാൻസ് ഓഫീസർ സുധീർ എം.എസ്, സിൻഡിക്കേറ്റ് അംഗം ഡോ. എസ്.എം സുനോജ്, ഡോ.ആൽഡ്രിൻ ആന്റണി തുടങ്ങിയവർ സംസാരിക്കും. രജീസ്ട്രാർക്കൊപ്പം സർവകലാശാലയിൽ നിന്ന് വിരമിക്കുന്ന പത്ത് ഉദ്യാഗസ്ഥർക്കും യാത്ര അയപ്പ് നൽകും.

അന്താരാഷ്ട്ര സർവകലാശാലകളുമായും പ്രശസ്ത വ്യവസായങ്ങളുമായും പുതിയ അക്കാഡമിക പരിപാടികൾക്കും ഗവേഷണ പങ്കാളിത്തത്തിനും വഴിയൊരുക്കുന്ന വിവിധ ധാരണാപത്രങ്ങൾ മീരയുടെ പ്രവർത്തന കാലയളവി​ൽ ഒപ്പുവച്ചിട്ടുണ്ട്. റൂസ ഫണ്ടിംഗ് വഴി റൈസ്, കുസാ ടെക്ക് ഫൌണ്ടേഷൻ വഴി ഫാക്വൽറ്റി സ്റ്റാർട്ടപ്പ് നയം അവതരിപ്പിക്കാനും സാധിച്ചു.

സി.എസ്.ആർ ഫണ്ടിംഗ് സംരംഭങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായി. മുഴുവൻ സമയ ഡോക്ടറുമായി സമ്പൂർണ ക്ലിനിക്ക്, വിദ്യാർത്ഥി സംഘടനയെ പിന്തുണയ്ക്കാൻ ഒരു മുഴുവൻ സമയ വിദ്യാർത്ഥി കൗൺസിലർ, കേരളത്തിൽ ആദ്യമായി ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സ്റ്റാഫ് നിയമനങ്ങൾക്കായി സ്ഥാനക്കയറ്റത്തിൽ സംവരണം, ആർത്തവ സമയത്ത് പെൺകുട്ടികൾക്ക് അവധി എന്നിവ ഡോ.മീരയുടെ ഭരണകാലത്തെ ശ്രദ്ധേയമായ നേട്ടങ്ങളാണ്.

 ഹരിത പദ്ധതികളെത്തി

കൊവിഡ് സമയത്താണ് മീര കുസാറ്റിൽ ചുമതലയേറ്റത്. ക്യാമ്പസിലെ ഗ്രീൻ ഇനിഷ്യേറ്റീവ് സെൽ വഴി എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കേരള കൃഷി, കർഷകക്ഷേമ വകുപ്പ് തുടങ്ങിയ സംഘടനകളുമായുള്ള പങ്കാളിത്തം, ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, പച്ചക്കറി കൃഷി, ജല പരിപാലനം, ഗ്രീൻ എനർജി പദ്ധതികൾ എന്നിവ നടപ്പിലാക്കി. കേരള സംസ്ഥാന ജൈവവൈവിദ്ധ്യ അവാർഡ്, പച്ചക്കറി കൃഷിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ മൂന്നാം സമ്മാനം നേടാനും കുസാറ്റിന് കഴിഞ്ഞു.