sidharth

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് വൈസ് ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നടപടിയെടുക്കാൻ ചാൻസലർ കൂടിയായ ഗവർണർക്ക് അധികാരമില്ലെന്ന് വാദിച്ച് വി.സി നൽകിയ ഹർജി ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ തള്ളി. സിദ്ധാർത്ഥ് മർദ്ദനത്തിനിരയായത് അറിഞ്ഞില്ലെന്ന വാദവും അംഗീകരിച്ചില്ല.
ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 16 മുതൽ സഹപാഠികളടക്കമുള്ളവർ മർദ്ദിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അതീവഗുരുതരമായ സംഭവം തടയുന്നതിൽ വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെ നടപടി ആവശ്യമാണെന്ന ചാൻസലറുടെ തീരുമാനത്തിൽ ഇടപെടാനാവില്ല. സർവകലാശാലയുടെ കീഴിലുള്ള കോളേജിലാണ് സംഭവം നടന്നതെന്നിരിക്കെ തനിക്ക് ഉത്തരവാദിത്വമില്ലെന്ന വി.സിയുടെ വാദവും നിലനിൽക്കില്ല.
സിദ്ധാർത്ഥിന്റെ ദേഹത്തെ ചതവുകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സാദ്ധ്യത കുറവാണെന്ന് ചാൻസലറുടെ അഭിഭാഷകൻ പി.ശ്രീകുമാർ വാദിച്ചു. കലാലയത്തിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ ഒരു വിദ്യാർത്ഥി ദിവസങ്ങളോളം പീഡനത്തിനിരയായത് അതീവഗൗരവമുള്ള സംഭവമാണെന്നും ബോധിപ്പിച്ചു. വി.സി.യുടെ ഹർജിയെ എതിർത്ത് സിദ്ധാർത്ഥിന്റെ പിതാവ് ടി.ജയപ്രകാശും കക്ഷി ചേർന്നിരുന്നു.