 
കാലടി: കാലടി ബസ് സ്റ്റാൻഡിൽ സ്ഥലമുണ്ടായിട്ടും യാത്രക്കാർക്ക് എം.സി. റോഡരികിൽ ബസ് കാത്ത് നിൽക്കേണ്ടി വരുന്ന അവസ്ഥ തുടരുന്നു. കൊടും ചൂടിലും പെരും മഴയത്തും കാലടി ബസ് സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റിയിറക്കേണ്ട ഓർഡിനറി കെ.എസ്.ആർ.ടി ബസ് പോലും അങ്ങനെ ചെയ്യുന്നില്ല. ചുട്ടു പൊളളുന്ന വെയിലത്തും മഴയത്തും കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമടക്കമുള്ള യാത്രക്കാർ എം. സി റോഡരികിൽ ബസ് കാത്തു നില്ക്കുന്നത് അധികൃതർ കാണുന്നില്ല. പെരുമ്പാവൂരിൽ നിന്നും വടക്കോട്ടും അങ്കമാലിയിൽ നിന്നും തെക്കോട്ടും യാത്ര ചെയ്യേണ്ട നൂറു കണക്കിന് യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. കാലടി ഭാഗത്തു നിന്നും യാത്ര ചെയ്യേണ്ടവർക്ക് ട്രാഫിക് ബ്ലോക്കും നേരിടേണ്ടി വരുന്നുണ്ടെന്നും സ്ഥിരമായി ചിറങ്ങര ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സുബി കേരള കൗമുദിയോടു പറഞ്ഞു. കാലടി ബസ് സ്റ്റാൻഡിൽ എല്ലാ വിധ സൗകര്യങ്ങൾ ചെയ്തിട്ടും അധികൃതരുടെ നിസ്സഹകരണമാണ് ഇതിനെല്ലാം കാരണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ പറഞ്ഞു.