പെരുമ്പാവൂർ: കേരള ചിത്രകല പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങോൾ നാഗഞ്ചേരി മനയിൽ രണ്ടാം ടെറാകോട്ട ക്യാമ്പിന് നാളെ തുടക്കമാകും. കാവിടം 2 എന്ന പേരിലുള്ള ക്യാമ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇതര ജില്ലകളിൽ നിന്നു മുള്ളവർ ഉൾപ്പെടെ മുപ്പതോളം ശില്പികൾ പങ്കെടുക്കും. ഇന്നും നാളെയുമായി രണ്ട് ദിവസങ്ങളിലായാണ് കാവിടം ടെറാകോട്ട ക്യാമ്പ് രണ്ടാം ഭാഗം നടക്കുക. ഇന്ന് രാവിലെ 10 ന് കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൾ പി. ജേക്കബിന്റെഅദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ടെറാകോട്ട ക്യാമ്പ് കൺവീനർ രാജേന്ദ്രൻ കർത്ത, ചിത്രകലാ പരിഷത്ത് ജില്ലാ സെക്രട്ടറി ആശാ ലൈല,​ ജില്ലാ പ്രസിഡന്റ് ശാലിനി ബി .മേനോൻ,​ വാർഡ് മെമ്പർ ശാന്താ പ്രഭാകരൻ എന്നിവർ സംസാരിക്കും. ശില്പ നിർമ്മാണത്തിനാവശ്യമായ ഉന്നത നിലവാരമുള്ള ക്ലേ, പണിയായുധങ്ങൾ എന്നിവ ആർട്ടിസ്റ്റുകൾക്ക് ഇത്തവണയും സംഘാടകർ നൽകും. ടെറാകോട്ട ശില്പ നിർമ്മാണത്തെ കുറിച്ച് വിശദീകരിക്കാൻ ടെറാകോട്ട ശില്പ വിദഗ്ധരായ ശിവദാസ് എടക്കാട്ടുവയൽ, ഗോപി സംക്രമണം, ബേബി മണ്ണത്തൂർ എന്നിവർ മുഴുവൻ സമയവും ക്യാമ്പിൽ ഉണ്ടാകും. കൂടാതെ ശില്പങ്ങൾ ആസ്വദിക്കാൻ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.