uc
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ പോളിംഗ് സാമാഗ്രമികൾ ആലുവ യു.സി കോളേജിൽ ഏറ്റുവാങ്ങി പോളിംഗ് ബൂത്തുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ

ആലുവ: ആലുവ താലൂക്കിൽ ഇക്കുറി പ്രശ്നബാധിത ബൂത്തുകളില്ല. ആലുവ നിയോജക മണ്ഡലത്തിൽ 176ഉം അങ്കമാലി മണ്ഡലത്തിൽ 155ഉം ബൂത്തുകളുമാണുള്ളത്. 2019ലെ ലോക‌്സഭ തിരഞ്ഞെടുപ്പിൽ ആലുവ നിയോജക മണ്ഡലത്തിൽ ഒമ്പത് പ്രശ്‌നബാധിത ബൂത്തുകളുണ്ടായിരുന്നു. മുൻകാലങ്ങളിൽ മുന്നണി പ്രവർത്തകർ തമ്മിൽ തർക്കം ഉണ്ടാകുന്ന ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളാക്കിയിരുന്നത്. ഒരു വട്ടം തർക്കമുണ്ടായാൽ പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ഈ ബൂത്ത് പ്രശ്നബാധിത ബൂത്തുകളാകുകയാണ് പതിവ്. പോളിംഗ് ദിവസം ഈ ബൂത്തുകളിൽ കൂടുതൽ പൊലീസിനെയും നിയോഗിക്കും. കൂടാതെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വിലയിരുത്താൻ മുഴുവൻ സമയ മൈക്രോ ഒബ്‌സർവർമാരുമുണ്ടാകും. ഇക്കുറി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 'പ്രശ്നബാധിതം' ഒഴിവായത്.

2021ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആലുവ നിയോജക മണ്ഡലത്തിൽ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഒരു കേസു പോലും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് കളക്ടർ നിർദേശം നൽകിയത്.

ആലുവ മണ്ഡലത്തിലെ ബൂത്തുകളിൽ 20, 21 (തുരുത്തിശേരി തോമസ് മാർ ദിവാനിയോസ്), 93 ചീരക്കട വിദ്യാധിരാജ വിദ്യാഭവൻ സ്‌കൂൾ, 108, 109 (എടയപ്പുറം ഗവ. എൽ.പി സ്‌കൂൾ), 149,154 (നൊച്ചിമ ഗവ. യു.പി സ്‌കൂൾ), 158, 159 (എടത്തല ഗവ. ഹൈസ്‌കൂൾ) എന്നീ ബൂത്തുകളാണ് സ്ഥിരം പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടികയിൽപ്പെട്ടിരുന്നത്.

ആലുവ താലൂക്കിൽ ഹരിത ബൂത്തും

ആന്ധ്രപ്രദേശ് സ്വദേശിയും മലയാറ്റൂർ ഡി.എഫ്.ഒയും അങ്കമാലി മണ്ഡലം അസി. റിട്ടേണിംഗ് ഓഫീസറുമായ കുറ ശ്രീനിവാസന്റെ നിർദ്ദേശപ്രകാരം ആലുവ താലൂക്ക് മറ്റൂർ വില്ലേജിൽ 127,28,29,30 ബൂത്തുകൾ പ്രവർത്തിക്കുന്ന സെന്റ് ആന്റണീസ് എൽ.പി സ്കൂൾ ഹരിത ബൂത്തായി നിശ്ചയിച്ചു. ഇതിന്റെ ഭാഗമായി വൃക്ഷത്തൈകളും മറ്റും പോളിംഗ് സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്.

സ്ത്രീകൾ നയിക്കുന്ന ബൂത്തും

ആലുവ മണ്ഡലത്തിൽ ചൂർണിക്കര പഞ്ചായത്തിലെ നസ്രത്ത് നിർമ്മല ഗേൾസ് സ്കൂളിൽ ഇക്കുറി സ്ത്രീകൾ മാത്രം നേതൃത്വം നൽകുന്ന ബൂത്തും ക്രമീകരിച്ചിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസർമാരുമെല്ലാം ഇവിടെ വനിതകളാണ്.

പോളിംഗ് സാമാഗ്രമികളുടെ വിതരണം


ആലുവ: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ പോളിംഗ് സാമഗ്രികൾ ആലുവ യു.സി കോളേജിൽ വിതരണം ചെയ്തു. ആലുവ, അങ്കമാലി നിയോജകമണ്ഡലത്തിലേയും സാമഗ്രികളാണ് വിതരണം ചെയ്തത്. ഓരോ പോളിംഗ് സ്റ്റേഷനുകളിലും ഒരു ബാലറ്റ് യൂണിറ്റ്, ഒരു കൺട്രോൾ യൂണിറ്റ്, ഒരു വിവി പാറ്റ് യന്ത്രം എന്നിവയാണ് വിതരണം ചെയ്തത്. വിതരണത്തിന് ശേഷം പ്രത്യേകം ഏർപ്പെടുത്തിയ വാഹനത്തിൽ ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് തിരിച്ചു. വോട്ടെടുപ്പിന് ശേഷം ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും ആലുവ യുസി കോളേജിലെ സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിക്കുക. ചാലക്കുടി മണ്ഡലം പൊതു നിരീക്ഷകൻ റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി വിതരണ കേന്ദ്രം സന്ദർശിച്ചു.