കൊച്ചി: പരസ്യ പ്രചാരണത്തിനും കൊട്ടിക്കലാശത്തിനും ശേഷമുള്ള ഏക ദിവസം പ്രമുഖരെ സന്ദർശിച്ചും ഫോണിൽ വിളിച്ചും വീടുകൾ കയറിയുമെല്ലാം വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ. സ്ലിപ്പ് വിതരണത്തിനുൾപ്പെടെ സ്ഥാനാർത്ഥികൾ നേരിട്ടെത്തി. മൂവരും വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിൽ പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം അവസാനവട്ട വിലയിരുത്തലും നടത്തി.


വീടുകൾ കയറി ഹൈബി


നിശബ്ദ പ്രചാരണ ദിനമായിരുന്ന ഇന്നലെ പ്രവർത്തകർക്കൊപ്പം വീടുകൾ കയറി വോട്ടഭ്യർത്ഥിച്ചാണ് ഹൈബി ഈഡൻ പ്രചാരണം നടത്തിയത്. രാവിലെ മുതൽ വോട്ടിംഗ് സ്ലിപ്പുകൾ വിതരണം ചെയ്യാൻ പ്രവർത്തകർക്കൊപ്പം ചേർന്നു. നിവേദനങ്ങളുമായി എത്തിയവരെ കാണാനും സമയം കണ്ടെത്തി. വൈപ്പിൻ അഴീക്കൽ, വെണ്ണല എന്നിവിടങ്ങളിൽ ഉത്സവത്തിലും ഇടപ്പള്ളി പള്ളിയിലെ തിരുനാൾ കൊടിയേറ്റിലും പങ്കെടുത്തു.


വ്യക്തികളെ കണ്ട് ഷൈൻ

വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദർശിക്കുന്ന തിരക്കിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ ഇന്നലെ. സി.ടി.സി സന്യാസസമൂഹത്തിന്റെ മദർ ജനറലായി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ ഷഹിലയെ നേരിൽ കണ്ട് അനുമോദനമറിയിച്ച സ്ഥാനാർത്ഥി പ്രൊവിഡൻസ് ഹോമിലും സന്ദർശനം നടത്തി. ലൂർദ് ആശുപത്രി, കച്ചേരിപ്പടി ആശിർഭവൻ തുടങ്ങിയ ഇടങ്ങളിലും നേരിട്ടെത്തി വോട്ടു തേടി.


രാധാകൃഷ്ണൻ ഗുരുദ്വാരയിൽ


തേവര പെരുമാനൂരിലെ സിഖ് ഗുരുദ്വാര സന്ദർശനമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ ഇന്നലത്തെ പ്രധാന പരിപാടി. ഗുരുദ്വാര പ്രസിഡന്റ് അവതാർ സിംഗ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ ബൽജിത് സിംഗ്, എസ്.ഡി. സിംഗ് എന്നിവരുമായി ചർച്ച നടത്തി. പ്രവർത്തകർക്കൊപ്പം വിവിധയിടങ്ങളിലെത്തിയ ബൂത്തൊരുക്കങ്ങൾ വിലയിരുത്തി. ഉത്സവം നടക്കുന്ന ചിറ്റൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഉച്ചയ്ക്ക് അദ്ദേഹം എത്തി.


 കാൻഡിഡേറ്റ് റ്റു കൗമുദി

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ വിധിയെഴുത്താകും. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷമുറപ്പ്.

ഹൈബി ഈഡൻ
യു.ഡി.എഫ് സ്ഥാനാർത്ഥി


സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകും തിരഞ്ഞെടുപ്പ്. ഉറച്ച വിജയ പ്രതീക്ഷയുണ്ട്.

കെ.ജെ. ഷൈൻ
എൽ.ഡി.എഫ് സ്ഥാനാർത്ഥി


രാജ്യത്തിന്റെ സമ്പൂർണ വികസനം ആഗ്രഹിക്കുന്ന വോട്ടർമാർ ഉറപ്പായും എൻ.ഡി.എയ്ക്ക് വോട്ട് ചെയ്യും. മോദി സർക്കാരിന്റെ വികസനോന്മുഖ ഭരണത്തിനുള്ള അംഗീകാരമാകും തിരഞ്ഞെടുപ്പ്.

ഡോ.കെ.എസ്. രാധാകൃഷ്ണൻ
എൻ.ഡി.എ സ്ഥാനാർത്ഥി