കൊച്ചി: ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി എം.ബി. സ്‌നേഹലത സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി എന്നിവർ പ്രസംഗിച്ചു. ജഡ്ജിമാർ, അഭിഭാഷകർ, ജീവനക്കാർ, ജസ്റ്റിസ് സ്‌നേഹലതയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായായിരുന്നു എം.ബി.സ്‌നേഹലത. എറണാകുളം വൈപ്പിൻ മരയ്ക്കാപ്പറമ്പിൽ പരേതരായ ഭാർഗവന്റെയും ഭാമയുടെയും മകളായി 1964 മേയ് 31നാണ് ജനനം. എറണാകുളം ഗവ. ലാ കോളേജിൽ നിന്ന് ബിരുദവും എം.ജി സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തരബിരുദവും നേടി. 1987ൽ അഭിഭാഷകയായി എൻറോൾ ചെയ്തു.