കൊച്ചി: പുതിയകാവ് ചൂരക്കാട് വെടിക്കെട്ട് അപകടത്തിൽ പ്രതികളായ ദേവസ്വം, കരയോഗം ഭാരവാഹികളടക്കമുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉദയംപേരൂർ പുത്തൻപുരയിൽ അനിൽകുമാർ, തെക്കുംഭാഗം ചാലിയത്ത് സന്തോഷ്, പുതിയകാവ് രേവതിയിൽ കൃഷ്ണൻകുട്ടിനായർ, കാരോത്ത് സതീശൻ, തെക്കുംഭാഗം വെട്ടുവേലിൽ ശശികുമാർ, തെക്കുംഭാഗം രഞ്ജിത്, സജീവ്‌കുമാർ, രാജീവ്, കെ.കെ. സത്യൻ, കളരിക്കൽത്തറ രാജീവ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഒരുലക്ഷംരൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് വ്യവസ്ഥ. 71 ദിവസമായി ജയിലിലാണെന്നത് ഉൾപ്പെടെയുള്ള അപേക്ഷ കണക്കിലെടുത്താണ് ജസ്റ്റിസ് സി.എസ്. ഡയസ് ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 12നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിക്കുകയും നിരവിധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 321 വീടുകൾക്ക് നാശനഷ്ടമുണ്ടായി. അഭിഭാഷകരായ ബി. രാമൻപിള്ള, പി. വിജയഭാനു, അഡ്വ.എസ്. രാജീവ് എന്നിവർ ഹർജിക്കാർക്കായി ഹാജരായി.