
കൊച്ചി: ജില്ലയിൽ ഇത്തവണ 38,637 പേരുടെ കൈകളിൽ ആദ്യമായി ജനവിധിയുടെ മഷി പുരളും. 18നും 19നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ഇതിൽ 19,530 ആൺകുട്ടികളും 19,105 പെൺകുട്ടികളും രണ്ട് ട്രാൻസ്‌ജെൻഡർമാരുമുണ്ട്. ആദ്യ വോട്ടർപട്ടിക തയ്യാറാക്കിയ ഘട്ടത്തിൽ 20,000ത്തിൽ താഴെ മാത്രമായിരുന്നു കന്നിവോട്ടർമാർ. കളമശ്ശേരി നിയമസഭാ മണ്ഡലത്തിലാണ് കൂടുതൽ കന്നിവോട്ട്- 3504. കുന്നത്തുനാട്, മൂവാറ്റുപുഴ, കോത മംഗലം, ആലുവ മണ്ഡലങ്ങളിൽ മൂവായിരത്തിനു മുകളിലാണ് കന്നിവോട്ടർമാർ. 1,812 പേർ മാത്രമുള്ള കൊച്ചി മണ്ഡലത്തിലാണ് ഏറ്റവും കുറവ് കന്നിവോട്ടർമാർ. ജില്ലാ ഭരണകൂടം നേരിട്ട് നടത്തിയ ക്യാമ്പയിനിലൂടെയാണ് കൂടുതൽ പുതിയ വോട്ടർ മാരെ കൂടി ഉൾപ്പെടുത്താനായത്.