കൊച്ചി: സി.പി.എം - ബി.ജെ.പി ബന്ധത്തിലെ കൂട്ടുപ്രതിയായ ഇ.പി. ജയരാജനെ തള്ളിപ്പറഞ്ഞ് ഒന്നാംപ്രതി പിണറായി വിജയൻ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് ഇ.പി പ്രകാശ് ജാവദേക്കറെ സന്ദർശിച്ചത്. ജാവദേക്കറെ കണ്ടതിൽ കുഴപ്പമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജാവദേക്കറുമായി എൽ.ഡി.എഫ് കൺവീനർക്ക് സംസാരിക്കാനുള്ളത് എന്താണ്? താനും പലതവണ ജാവദേക്കറെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്രമന്ത്രിയല്ലാത്ത ജാവദേക്കറെ കണ്ടത്. ജയരാജന്റെ വീട്ടിലേക്ക് ജാവദേക്കർ എന്തിനാണ് പോയത്? ശിവന്റെകൂടെ പാപി ചേർന്നാൽ ശിവനും പാപിയാകുമെന്നാണ് പറയുന്നത്. യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും. ഇത് ഡ്യൂപ്ലിക്കേറ്റ് ശിവനാണ്. മുഖ്യമന്ത്രിക്ക് നന്ദകുമാറിനോട് മാത്രമേ വിരോധമുള്ളൂ. വി.എസും പിണറായിയും തമ്മിലുള്ള പോരാട്ടക്കാലത്ത് അച്യുതാനന്ദന്റെ കൂടെയുണ്ടായിരുന്നു നന്ദകുമാർ. അതാണ് പിണറായിക്ക് ദേഷ്യം.