akhila-sarath

ആലുവ: വിവാഹത്തിരക്കിന് അല്പം ഇടവേള നൽകി കതിർമണ്ഡപത്തിൽ നിന്ന് അഖില നവവരന്റെ കൈപിടിച്ച് കെ.എം.സി യു.പി സ്കൂളിലെ 112-ാം നമ്പർ ബൂത്തിലെത്തി. പ്രിയ സ്ഥാനാർത്ഥിക്ക് വോട്ടു നൽകി മടങ്ങി.

എടയപ്പുറം നേച്ചർ കവലയിൽ ചൊള്ളങ്ങൽ വീട്ടിൽ പരേതനായ മനോഹരന്റെ മകളായ അഖിലയുടെയും പറവൂർ ഏഴിക്കര അയ്യമ്പിള്ളി പോക്കുറമ്മത്ത് വീട്ടിൽ ശശിയുടെ മകൻ ശരത്തിന്റെയും വിവാഹം ഇന്നലെ രാവിലെ 11.35നും 12.10നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ എടയപ്പുറം വെള്ളാംഭഗവതി ക്ഷേത്രത്തിലായിരുന്നു. വിവാഹ ശേഷം എടയപ്പുറം മസ്ജിദ് ഹാളിലൊരുക്കിയ വിരുന്ന് ആരംഭിക്കും മുമ്പേ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. വോട്ടുചെയ്യാൻ നീണ്ടനിരയുണ്ടായിരുന്നെങ്കിലും ക്യൂവിൽ നിറുത്താതെ വധുവിന് വോട്ട് ചെയ്യാൻ മറ്റ് വോട്ടർമാർ സൗകര്യമൊരുക്കി. ശരത്തും അനുഗമിച്ചു.

ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്ന ആഗ്രഹമുള്ളതിനാലാണ് വിവാഹത്തിനിടയിലും വോട്ട് രേഖപ്പെടുത്തിയതെന്ന് അഖില പറയുന്നു.

വൈകിട്ട് പോളിംഗ് അവസാനിക്കും മുമ്പ് ഏഴിക്കരയിലെ ബൂത്തിലെത്തി ശരത്തും വോട്ടവകാശം വിനിയോഗിച്ചു. ബി.എ,​ ബി.എഡ് ബിരുദധാരിയാണ് അഖില. സ്വകാര്യ ബാങ്കിൽ മാനേജരാണ് ശരത്.