 
പെരുമ്പളം: തിരഞ്ഞെടുപ്പിന്റെ ചൂടോ കത്തിയെരിയുന്ന സൂര്യന്റെ ചൂടോ പെരുമ്പളത്തിന്റെ കായികാവേശത്തെ കെടുത്തുന്നില്ല. ക്രിക്കറ്റും വോളിബാളും തുടങ്ങി നാടൻ കളികൾ വരെ ഇവിടെ അരങ്ങ് തകർക്കുമ്പോൾ പെരുമ്പളത്തെ യുവാക്കൾ കായികോത്സവത്തിമിർപ്പിലാണ്.
തിരുനിലം പാടശേഖരത്ത് ക്രിക്കറ്റ് ഗ്രൗണ്ട് റെഡി
പെരുമ്പളത്ത് കൃഷി നിലച്ചതോടെ വയൽചുള്ളികൾ ഉൾപ്പടെയുള്ള കാട്ടുപൊന്തകൾ പാടശേഖരങ്ങളിൽ നിറഞ്ഞു. യുവാക്കളുടെ കൂട്ടായ്മ തിരുനിലം പാടത്തെ ചുള്ളികളും മുള്ളുകളും കുറ്റിച്ചെടികളും കട്ടിംഗ് മെഷീൻ ഉപയോഗിച്ച് വൃത്തിയാക്കി. പാടം ചെത്തിമിനുക്കി പൂഴി വിരിച്ച് ക്രിക്കറ്റിനുള്ള പിച്ചുകൾ ഒരുക്കി. 500 ലധികം മനുഷ്യപ്രയത്ന ദിനങ്ങളാണ് ഇതിനായി വേണ്ടി വന്നത്. 3 മാസമായി പ്രാദേശിക ടീമുകളും പുറത്തുനിന്നുള്ള പ്രൊഫഷണൽ ടീമുകളും ഉൾപ്പടെ സ്ഥിരമായി മത്സരങ്ങൾ നടക്കുന്നു. അവധി ദിവസങ്ങളിൽ പകൽ മുഴുവൻ ക്രിക്കറ്റ് കളിയുണ്ടെങ്കിലും മറ്റു ദിവസങ്ങളിൽ രാവിലെയും വൈകിട്ടും മാത്രം.
ചങ്കാണ് പി.സി.സി
പെരുമ്പളത്തിന്റെ കായിക ഭൂപടത്തിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച പി.സി.സി മൂന്നര പതിറ്റാണ്ടായി കലാകായിക പ്രേമികളുടെ ചങ്കാണ്. സ്വന്തമായി കളിക്കളവും ഓഫീസുമുണ്ടെങ്കിലും വർഷംതോറും കളിക്കാർ വർദ്ധിച്ചതോടെ സ്ഥല പരിമിതി വിഷയമായി. അതോടെയാണ് തരിശായ പാടശേഖരങ്ങളിലേക്ക് കളികൾ മാറ്റേണ്ടി വന്നത്. പുതിയ കളിക്കാരെ കണ്ടെത്തുവാനുള്ള പരിശീലന ക്യാമ്പുകൾക്കും രക്തദാനം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പി.സി.സി നേതൃത്വം നൽകുന്നു
കൃഷിഭൂമികൾ തരിശിലേക്ക്
നെൽകൃഷിക്ക് ജില്ലയിൽ രണ്ടാം സ്ഥാനവും ബ്ലോക്കിൽ ഒന്നാം സ്ഥാനവും ഉണ്ടായിരുന്ന പെരുമ്പളം പഞ്ചായത്തിലെ കൃഷിയിടങ്ങളിലെ അവസ്ഥ ഇന്ന് ദയനീയമാണ്. നോക്കെത്താ ദൂരത്തോളം വരുന്ന നെൽപ്പാടങ്ങൾ പെരുമ്പളത്തിന് സ്വന്തമായിരുന്നു. പക്ഷേ ഇന്ന് എല്ലാം കാടുകയറി നശിച്ചു കിടക്കുകയാണ്. കൃഷി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ നിലമൊരുക്കൽ, വിത്ത് വിതയ്ക്കൽ, കളപറിക്കൽ എന്നിവ സമയബന്ധിതമായി നടപ്പാക്കിയെങ്കിലും തൊഴിൽ ദിനങ്ങൾ തീരുന്നതോടെ നാലുമാസം കഴിഞ്ഞ് വരുന്ന വിളവെടുപ്പിന് തൊഴിലാളികളെ കിട്ടാതായി. വിളഞ്ഞുകിടക്കുന്ന പാടങ്ങൾ കൊയ്യാൻ ആളില്ലാതെ വന്നതോടെ അവ പറവകൾക്കും പശുക്കൾക്കുമുള്ള ആഹാരമായി മാറി. നെൽകൃഷി അതോടെ തകർന്നു. കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും ദീർഘവീക്ഷണമില്ലായ്മയാണ് ഇതിന് കാരണമെന്ന് പരാതിയുണ്ട്.
...................................................................
പെരുമ്പളം പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ചെറിയ കളിക്കളം ഉണ്ടെങ്കിലും മത്സരങ്ങൾക്ക് അനുയോജ്യമല്ല. പഞ്ചായത്തിന് സ്വന്തമായി ഒരു കളിക്കളം വേണമെന്നതാണ് ആവശ്യം. ഇത് മുൻ നിർത്തി 'ഗ്രാമത്തിനൊരു കളിമുറ്റം' എന്ന മുദ്രാവാക്യമാണ് കളിക്കാരുടെ ജഴ്സിയിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത്.
കെ.ആർ. ഉണ്ണികൃഷ്ണൻ, പ്രസിഡൻ്റ്, പി.സി.സി പെരുമ്പളം