ഇരുമ്പനം: സഹോദരന്റെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരുമ്പനം തൃക്കതൃ മഠത്തിപ്പറമ്പിൽ അഖിൽ (33) ആണ് വെള്ളിയാഴ്ച്ച പുലർച്ചയോടെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് വീട്ടിലുണ്ടായ തർക്കത്തിനിടെ അനുജൻ അമൽ (30) സഹോദരൻ അഖിലിനെ കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ അഖിലിനെ എറണാകുളം മെഡിക്കൽ കോളേജിലും തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റിയിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച മാതാവ് രുഗ്മിണിക്കും പരുക്കേറ്റിരുന്നു. അക്രമത്തിന് ശേഷം സമീപത്തെ വീടിന്റെ മുകളിൽ ഒളിച്ചിരുന്ന അമലിനെ അന്നു രാത്രിയിൽ തന്നെ പൊലീസ് പിടികൂടിയിരുന്നു. രണ്ട് വർഷം മുമ്പ് പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊന്ന കേസിൽ ജയിലിലായിരുന്ന പ്രതി ജാമ്യത്തിൽ കഴിയവെയാണ് സഹോദരനെ ആക്രമിച്ചത്. അഖിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.