kmc-school
എടയപ്പുറം കെ.എം.സി എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര.

ആലുവ: സർക്കാർ സ്കൂൾ കെട്ടിടം പുതുക്കി പണിതിട്ടും ഫിറ്റ്നസ് സർട്ടിഫിക്കിറ്റ് ഇല്ലാത്തതിനെ തുടർന്ന് നേരത്തെ മാറ്റിയ പോളിംഗ് ബൂത്ത് പുനസ്ഥാപിക്കാത്തത് വോട്ടർമാരെ വലച്ചു. ആലുവ നിയോജക മണ്ഡലത്തിലെ കീഴ്മാട് 112 -ാം നമ്പർ ബൂത്തിലെ വോട്ടർമാരാണ് ദുരിതത്തിലായത്. ഗുരുതേജസ് ഭാഗത്ത് താമസിക്കുന്ന നിരവധി പേർ വീടിന് സമീപം ഗവ. എൽ.പി സ്കൂൾ പോളിംഗ് സ്റ്റേഷനായിട്ടും അവിടെ സമ്മതിദാനവകാശം വിനിയോഗിക്കാനാകാതെ ഒന്നര കിലോമീറ്റർ അകലെവരെ യാത്ര ചെയ്യേണ്ടിവന്നു. വയോജനങ്ങളാണ് ഏറെ ബുദ്ധിമുട്ടിയത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിലാണ് ഗവ. എൽ.പിഎസിലെ രണ്ട് കെട്ടിടങ്ങളിൽ ഒന്നിന് ഫിറ്റ്നസ് ഇല്ലാത്തതിനാൽ കെ.എം.സി സ്കൂളിലേക്ക് 112-ാം നമ്പർ ബൂത്ത് മാറ്റിയത്. 114,115 ബൂത്തുകൾ ഗവ. സ്കൂളിൽ പ്രവർത്തിക്കുകയും ചെയ്തു.

2011ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇതേസ്ഥിതി തുടർന്നു. ഇതിനിടയിൽ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിം നിർമ്മിച്ചെങ്കിലും ബൂത്ത് തിരിച്ചുവന്നില്ല. പൊതുപ്രവർത്തകരിൽ ചിലർ വേണ്ടത്ര താത്പര്യം കാണിക്കാതിരുന്നതാണ് വിനയായത്. വിശാലമായ സൗകര്യമുള്ള സർക്കാർ സ്കൂൾ ഉണ്ടായിട്ടും സ്വകാര്യ സ്കൂളിൽ വോട്ടെടുപ്പ് നടത്തേണ്ട അവസ്ഥയാണ്. അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും ഗവ. എൽ.പി സ്കൂളിലേക്ക് പോളിംഗ് ബൂത്ത് മാറ്റണമെന്നാണ് വോട്ടർമാരുടെ ആവശ്യം.

വോട്ടിംഗ് യന്ത്രം തകരാലായി

ആലുവ: ആലുവ മേഖലയിലെ നിരവധി ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടർമാരെ വലച്ചു. പല ബൂത്തുകളിലും തകരാർ പരിഹരിക്കാൻ മണിക്കൂറുകളോളം എടുത്തു. ചില ബൂത്തുകളിൽ യന്ത്രം മാറ്റേണ്ടി വന്നു. കീഴ്മാട് പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് പോളിംഗ് നിർത്തിവച്ചു. മരങ്ങാട് കൈനാടൻമല 106-ാം നമ്പർ അംഗൻവാടി ബൂത്തിൽ രണ്ടു മണിക്കൂർ വേണ്ടിവന്നു തകരാർ പരിഹരിക്കാൻ. നാലാംമൈൽ കാർമൽ നഴ്‌സിംഗ് കോളേജിലെ 116-ാം ബൂത്തിൽ യന്ത്രം ഒരു മണിക്കൂറോളം പണിമുടക്കി. എടയപ്പുറം കെ.എം.സി സ്‌കൂളിൽ 113ാം നമ്പർ ബൂത്തിൽ രാവിലെ മുതൽ പോളിംഗ് മന്ദഗതിയിലായിരുന്നു. യന്ത്രത്തിന്റെ തകരാറും ജീവനക്കാരുടെ പരിചയക്കുറവുമാണ് കാരണമെന്നാണ് വോട്ടർമാർ പറയുന്നത്. ഇവിടെ ക്യൂ നീണ്ടതോടെ വോട്ടർമാർ വോട്ട് രേഖപ്പെടുത്താതെ മടങ്ങിയത് ഉദ്യോഗസ്ഥരും രാഷ്ട്രീയപാർട്ടി പ്രവർത്തകരുമായി തർക്കത്തിനും ഇടയാക്കി.

ആലുവ മേഖലയിൽ ഏറ്റവും അധികം ക്യു അനുഭവപ്പെട്ടത് എടയപ്പുറം കെ.എം.സി എൽ.പി.എസിലെ 111,112,113 ബൂത്തുകളിലായിരുന്നു.