കൊച്ചി: കുന്നത്തുനാട് ഉൾപ്പെടെ ട്വന്റി 20 പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ ഉയർന്ന പോളിംഗ് മുന്നണികൾക്ക് ആശങ്കയായി. ഉയർന്ന പോളിംഗ് ട്വന്റി 20ക്ക് അനുകൂലവും മുന്നണികൾക്ക് പ്രതികൂലവുമാകുമോയെന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്.
ട്വന്റി 20യുടെ ശക്തികേന്ദ്രമായ കിഴക്കമ്പലം പഞ്ചായത്ത് ഉൾപ്പെടുന്ന കുന്നത്തുനാട് മണ്ഡലത്തിലാണ് എറണാകുളം ജില്ലയിൽ ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയത്. 72.91
ശതമാനം. വോട്ടെടുപ്പിന്റെ ആദ്യത്തെ മണിക്കൂറിൽ 6.79 ശതമാനവുമായി കുന്നത്തുനാട് ആരംഭിച്ച മുന്നേറ്റം അവസാനംവരെ തുടർന്നു.
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട പെരുമ്പാവൂർ, ആലുവ, അങ്കമാലി, എറണാകുളം മണ്ഡലത്തിലെ തൃക്കാക്കര, കൊച്ചി, വൈപ്പിൻ, എറണാകുളം മണ്ഡലങ്ങളിൽ കൂടുതൽ വോട്ടുകൾ നേടിയെന്നാണ് ട്വന്റി 20 അവകാശപ്പെടുന്നത്.
ജനങ്ങൾ ഒപ്പം : സാബു എം. ജേക്കബ്
കൊള്ളക്കാരിൽനിന്ന് കേരളത്തെ രക്ഷിക്കാനുള്ള പരിശ്രമമാണ് തിരഞ്ഞെടുപ്പെന്ന് തിരിച്ചറിഞ്ഞ് ജനങ്ങൾ പാർട്ടിക്കൊപ്പം അണിചേർന്നതായി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. ജനങ്ങൾ ഒപ്പംനിന്നാൽ ചരിത്രം തിരുത്തിക്കുറിക്കുന്ന മുന്നേറ്റം നടത്തും. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന പാർട്ടി എല്ലാ മുന്നണികളുടെയും പൊതുശത്രുവാണ്. സി.പി.എമ്മും ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ അവസരം സൃഷ്ടിച്ചു. ബി.ജെ.പി കേരളത്തിൽ ജയിച്ചാൽ സി.പി.എമ്മിന്റെ പദ്ധതിയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.