കാലടി: പതിനെട്ടാം ലോക്‌സഭ തിരഞ്ഞെടുപ്പ് അങ്കമാലി മണ്ഡലത്തിലെ കാലടി മേഖലയിൽ തികച്ചും ശാന്തവും സമാധാനപരമായി നടന്നു. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് ആദ്യം മന്ദഗതിയിലായിരുന്നു.തുടർന്ന് എട്ടായതോടെ നല്ല തിരക്കായി. ഉച്ചയോടെ പല ബൂത്തുകളിലും നീണ്ട നിര കാണപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിലെ സമയ പ്രശ്നവും ഓരോ ബൂത്തുകളിലും 1400 വോട്ട് രേഖപ്പെടുത്തുന്ന രീതി നിജപ്പെടുത്തിയതും ഗ്രാമീണ മേഖലകളിൽ വോട്ടിംഗിന് താമസം അനുഭവപ്പെട്ടു. ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് വരെയുള്ള സമയത്ത് ചില ബൂത്തുകൾ ഒഴിഞ്ഞുകിടന്നതും ശ്രദ്ധേയമായി. വെയിൽ കുറഞ്ഞതോടെ വൈകീട്ട് നാലിന് ശേഷം ബൂത്തുകളിൽ വോട്ടർമാരുടെ നിര ഉയർന്നു. കൂലി തൊഴിലാളികൾ വൈകുന്നേരത്തോടെ കൂട്ടമായി വോട്ടുചെയ്യാനെത്തി. വോട്ടിംഗ് സമയം കഴിഞ്ഞിട്ടും ഓരോ ബൂത്തുകളിലും നീണ്ടനിര കാണപ്പെട്ടു. വോട്ടർമാർക്ക് കുടിവെള്ളവും ഫാൻ സൗകര്യവും നൽകി. നീലീശ്വരം ഗവ. എൽ.പി. സ്കൂളിലെ രണ്ടു പോളിംഗ് ബൂത്തിലും മെഷനീൻ പ്രവർത്തിച്ചില്ല. രാവിലെ 7.30 നാണ് ഇവിടെ പോളിംഗ് ആരംഭിച്ചത്.