മൂവാറ്റുപുഴ: ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട മൂവാറ്റുപുഴയിൽ വോട്ടർമാർ രാവിലെ മുതൽ പോളിംഗ് ബൂത്തുകളിലേക്കൊഴുകിയെത്തി. നിയോജക മണ്ഡലത്തിലെ 153 ബൂത്തുകളിലും ഏഴുമണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ഒരിടത്തുനിന്നും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആറ് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ ഇവിടങ്ങളിൽ വോട്ടിംഗ് വൈകിയാണ് ആരംഭിച്ചത്. പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ സ്‌കൂളിലെ 84ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിൽ തകരാർ ഉണ്ടാകുകയും ഉടൻ പരിഹരിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. രണ്ടാർക്കര എസ്.എ. ബി.ടി.എം. സ്‌കൂൾ 115-ാം ബൂത്തിലെ യന്ത്രത്തകരാർമൂലം ഒരു മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇതിനിടെ ഒട്ടേറെ പേർ വോട്ട് ചെയ്യാതെ മടങ്ങി. മുളവൂർ ജി.യു.പി.എസിലെ 20, 22 ബൂത്തുകളിൽ യന്ത്ര തകരാർ വന്നുവെങ്കിലും തകരാർ പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിച്ചു. കദളിക്കാട് വിമല മാത സ്‌കൂളിലെ ബൂത്തിലും വോട്ടിംഗ് മിഷനിൽ തകരാർ ഉണ്ടായെങ്കിലും അവ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. രാവിലെ മുതൽ വോട്ട്‌ചെയ്യാനെത്തിയവരുടെ വലിയ നിരയുണ്ടായിരുന്നു. വോട്ടെടുപ്പ് സമയത്തിന് ശേഷവും യന്ത്രത്തകരാർ വന്ന ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു.
പായിപ്രയിലും യന്ത്രത്തകരാർ
പായിപ്ര ജി.യു.പി.എസിലെ രണ്ടാം നമ്പർ ബൂത്തിൽ വോട്ടിംഗിന്റെ ആരംഭത്തിൽ തന്നെ യന്ത്രത്തിന് തകരാർ വന്നതോടെ ഇവിടെയും ഒരു മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ വീണ്ടും യന്ത്രം തകരാറിലാകുകയും തുടർന്ന് വീണ്ടും വോട്ടെടുപ്പ് നിർത്തിവച്ചു. എത്ര വൈകിയാലും എല്ലാവർക്കും വോട്ട് ചെയ്യുവാനുള്ള സൗകര്യം ചെയ്യുമെന്ന് പ്രിസൈഡിംഗ് ഓഫിസർ വോട്ടർമാരെ അറിയിച്ചു.