കൊച്ചി: മാണിക്യമംഗലം സായിശങ്കര ശാന്തികേന്ദ്രത്തിൽ ഞായറാഴ്ച കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 48 ജോഡി ഇരട്ടകൾ ഒത്തുചേരും. ഒരുദിവസം മുഴുവൻ സായീകേന്ദ്രത്തിലെ വയോജനങ്ങളോടൊപ്പം കലാപരിപാടികൾ അവതരിപ്പിക്കും. ഇരട്ടവിസ്മയം 2024 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന ഇരട്ടകളെ റോബോട്ടിക് ആനയുടെ പുറത്തിരുത്തി വാദ്യമേളങ്ങളോടെ സ്വീകരിക്കുമെന്ന് സായീശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ അറിയിച്ചു. ഇരട്ടകൾ വയോജനങ്ങൾക്കൊപ്പം ഉച്ചയ്ക്ക് സദ്യയിലും പങ്കെടുക്കും
ഇരട്ടകളുടെ നാട് എന്ന വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് ഒത്തുചേരുന്നത്. ഗ്രൂപ്പിലെ അംഗങ്ങളുടെ വിവാഹത്തിനാണ് സാധാരണ ഇവരുടെ ഒത്തുചേരൽ. കൂട്ടായ്മയിൽ എല്ലാ ജില്ലകളിൽനിന്നും അംഗങ്ങളുണ്ട്. ഓൾ കേരള ട്വിൻ കമ്മ്യൂണിറ്റി എന്ന പേരിൽ രജിസ്റ്റർചെയ്ത് പ്രവർത്തനം വിപുലപ്പെടുത്താൻ ആലോചനയുണ്ട്. നിലവിൽ ചാരിറ്റി പ്രവർത്തനം നടന്നുവരുന്നുണ്ട്.
നാലരവർഷംമുമ്പ് റാന്നി മോതിരവയൽ വാവേലിൽ വിശ്വാസിന് തോന്നിയ ആശയമാണ് 50 ജോഡി അംഗങ്ങളുള്ള വാട്‌സാപ് ഗ്രൂപ്പായി മാറിയത്. വിശ്വാസിനെക്കൂടാതെ ആതിര, വ്യാസപ്രിയ, പ്രീത, അശ്വിൻ, ടിജു, സുബിൻ, അർജുൻ, ടിനു, രാഹുൽ, രാകേഷ് എന്നിവരാണ് ഗ്രൂപ്പ് അഡ്മിൻ.
പരിപാടിയിൽ റോജി എം. ജോൺ എം.എൽ.എ, കൊച്ചി അസിസ്റ്റന്റ് കമ്മിഷ്ണർ ഒഫ് പൊലീസ് പി. രാജ്കുമാർ, വിജിലൻസ് സി.ഐ വി.കെ. മധു, കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ, സൺറൈസ് ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ പർവീൻ ഹഫീസ്. പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി തുടങ്ങിയവർ പങ്കെടുക്കും.