പറവൂർ: പൊള്ളുന്ന വേനൽചൂടിൽ വോട്ട് ചെയ്യാനെത്തിയവർക്ക് കുറഞ്ഞ നിരക്കിൽ തണ്ണീർമത്തൻ ജൂസ് നൽകി കുട്ടിസംഘം. വടക്കേക്കര പഞ്ചായത്തിലെ വാവക്കാടാണ് താത്കാലിക സ്റ്റാളൊരുക്കി കുട്ടികൾ ജൂസ് വില്പന പൊടിപൊടിച്ചത്. ഏഴാം ക്ളാസുകാരി ധനുശ്രീ ധനീഷ്, ആറാം ക്ളാസുകാരി അനുശ്രീ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഏഴോളം കുട്ടികളാണ് വിൽപന സംഘം. വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപത്തുള്ള രാഷ്ട്രീയ പാർട്ടികളുടെ ബൂത്തുകൾക്ക് സമീപമായിരുന്ന ജൂസ് സെന്റർ. തണുത്ത വലിയ ഗ്ളാസ് ജൂസിന് പത്ത് രൂപയും ചെറിയ ഗ്ളാസിന് അഞ്ച് രൂപയുമായിരുന്ന വില. കുട്ടികളുടെ സംരംഭത്തെ വോട്ട് ചെയ്യാനെത്തിയ മിക്കവരും ജൂസ് വാങ്ങി പ്രോത്സാഹിപ്പിച്ചു.