കൊച്ചി: 70% വോട്ടിംഗ് രേഖപ്പെടുത്തിയ എറണാകുളം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പങ്കുവച്ച് മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ. മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒന്നിലേറെ ബൂത്തുകൾ സന്ദർശിച്ചും പ്രവർത്തകർക്കൊപ്പം പാർട്ടി ബൂത്തുകളിലെത്തിയുമെല്ലാം നടത്തിയ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികൾ പ്രതീക്ഷകൾ പങ്കുവച്ചത്.
വോട്ടിംഗ് ട്രെൻഡ് യു.ഡി.എഫിന് അനുകൂലമാണെന്നും വലിയതോതിലുള്ള മുന്നേറ്റമുണ്ടാകുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ കേരളകൗമുദിയോട് പറഞ്ഞു. വിജയം ഉറപ്പാണ്. ഭൂരിപക്ഷവും വർദ്ധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരായ ഉറച്ച വിധിയെഴുത്താകും തിരഞ്ഞെടുപ്പ് - ഹൈബി പറഞ്ഞു.
വലിയ വിജയമുണ്ടാകുമെന്നും സംസ്ഥാന സർക്കാരിന്റെ വികസന- ജനക്ഷമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കുമതെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ പറഞ്ഞു. എറണാകുളം മണ്ഡലം ഇത്തവണ മാറിചിന്തിക്കുമെന്നുറപ്പാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കും മതാധിഷ്ഠിത നിലപാടുകൾക്കും ജനം മറുപടി നൽകുമെന്നാണ് ബൂത്തുകളിൽ നിന്ന് മനസിലാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ജനങ്ങളിൽ ഉറച്ച വിശ്വാസമുണ്ടെന്നു പറഞ്ഞ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണൻ കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ അംഗീകരിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.
വോട്ടിംഗിലെ താമസം; കാരണം വി.വി പാറ്റെന്ന് എൽ.ഡി.എഫും യു.ഡി.എഫും
എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ പല ബൂത്തുകളിലും വലിയ തിരക്കാണ് ആറ് മണിക്ക് ശേഷവും അനുഭവപ്പെട്ടത്. ഇതിനു പ്രധാന കാരണം വി.വി പാറ്റിൽ നേരിട്ട താമസമാണെന്ന് ഇടതു വലതു സ്ഥാനാർത്ഥികൾ കുറ്റപ്പെടുത്തി. ഏഴ് സെക്കൻഡ് കൊണ്ട് ഒരാളുടെ വോട്ടിംഗ് പൂർത്തീകരിക്കുമെന്നാണ് പറഞ്ഞതെങ്കിലും 18ഉം 19ഉം സെക്കൻഡുകളെടുത്താണ് വോട്ടിംഗ് പൂർത്തീകരിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ കുറ്റപ്പെടുത്തി. പരിചയ സമ്പത്ത് കുറഞ്ഞ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയമിച്ചതും വെല്ലുവിളിയായെന്നും ഹൈബി പറഞ്ഞു.
വി.വി പാറ്റ് സംവിധാനം നിശ്ചിത സമയത്തേക്കാൾ കൂടുതലെടുത്തെന്നും പോളിംഗ് മന്ദഗതിയിലായതിന് ഇതും പ്രധാന കാരണമായെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈനും പറഞ്ഞു.
അതേസമയം വി.വി പാറ്റ് എന്നത് കൃത്യമായ സാങ്കേതിക സംവിധാനമാണെന്നും പോളിംഗ് മന്ദഗതിയിലായതിന് മറ്റ് പല കാരണങ്ങളുമുണ്ടെന്നുമായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ പ്രതികരണം.