നെടുമ്പാശേരി: ആലുവ മണ്ഡലത്തിൽപ്പെട്ട ചെങ്ങമനാട് ഗവ:എൽ.പി സ്‌കൂളിലെ 63ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായി. ഇതേതുടർന്ന് രാവിലെ മുതൽ വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന നിരവധിപേരെ വലച്ചു. പരീക്ഷണാടിസ്ഥാനത്തിൽ യന്ത്രം പ്രവർത്തിച്ചപ്പോൾ പ്രവർത്തനരഹിതമാവുകയായിരുന്നു. തുടർന്ന് പ്രിസൈഡിംഗ് ഓഫീസർ തകരാർ പരിഹരിക്കുന്ന ടെക്‌നീഷ്യനുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച നിർദ്ദേശ പ്രകാരം മെഷീൻ പ്രവർത്തിപ്പിച്ചു. 35 മിനിറ്റോളമാണ് പോളിങ് മുടങ്ങിയത്.
നൊച്ചിമയിൽ വോട്ടെടുപ്പ് നിറുത്തിവെച്ചു
എടത്തല നൊച്ചിമ ഗവ. ഹൈസ്‌കൂളിലെ 156ാം നമ്പർ പോളിംഗ് ബൂത്തിൽ ബാലറ്റ് യൂണിറ്റിന്റെ സ്വിച്ചിന് തകരാർ സംഭവിച്ചതോടെ വോട്ടെടുപ്പ് നിറുത്തി വെച്ചു. പുതിയ വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് തുടർന്നെങ്കിലും യന്ത്രം വേഗത കുറഞ്ഞതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പോളിംഗ് മന്ദഗതിയിലാക്കി. പോളിംഗ് സ്റ്റേഷനു മുന്നിൽ കനത്ത ക്യൂ അനുഭവപ്പെട്ടു. ഒരു മണിക്കൂറിലധികം സമയം ക്യൂ നിന്നാണ് പലരും വോട്ട് ചെയ്തത്.