കോലഞ്ചേരി: വോട്ടിംഗ് യന്ത്രവും പോളിംഗ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവും വോട്ടർമാരെ വലച്ചെങ്കിലും പോളിംഗ് ശതമാനം ഉയർന്ന കുന്നത്തുനാട്ടിൽ കൂട്ടലും കിഴിക്കലുമായി മുന്നണികൾ.
കുന്നത്തുനാട്ടിലെ വിവിധ ബൂത്തുകളിൽ വോട്ടിംഗിന് കാലതാമസം നേരിട്ടതായി പരാതിയുണ്ട്. രാവിലെ മുതൽ ഒട്ടു മിക്ക ബൂത്തുകളിലും തുടങ്ങിയ തിരക്ക് ഉച്ചയ്ക്കൊന്ന് കുറഞ്ഞെങ്കിലും 3 മണിയോടെ വീണ്ടും ഉയർന്നു 6 മണിയ്ക്ക് പോളിംഗ് അവസാനിക്കുമ്പോഴും നീണ്ട ക്യൂ ആയിരുന്നു ബൂത്തുകളിൽ. കടയിരുപ്പ് ഗവ. എൽ.പി സ്കൂളിൽ 6 മണിയ്ക്ക് ശേഷം ക്യൂവിൽ ഉണ്ടായിരുന്ന 200 പേർക്ക് ടോക്കൺ നൽകിയാണ് വോട്ട് ചെയ്യിപ്പിച്ചത്. ചെമ്മനാട്, കക്കാട്ടുപാറ ബൂത്തുകളിലും വൈകിയും വോട്ടെടുപ്പ് തുടർന്നു. മഴുവന്നൂർ പഞ്ചായത്തിലെ 54,55 ബൂത്തുകളിലെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള താമസം വോട്ടർമാരെ വലച്ചു. രാവിലെ മുതൽ നീണ്ട ക്യൂ ആയിരുന്നു. വോട്ടിംഗ് മെഷീനിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള ബീപ് ശബ്ദം കേൾക്കുന്നതിനുള്ള കാലതാമസമാണ് വോട്ടടുപ്പ് നടപടികൾ വൈകുവാൻ കാരണമായത്. നടപടികൾ വൈകുന്നുണ്ടെങ്കിലും ക്യൂവിലെ പുതു വോട്ടർമാർ ആദ്യമായി വോട്ട് ചെയ്യുന്നതിലുള്ള സന്തോഷം കൂട്ടുകൂടി ആസ്വദിക്കുന്നതിനും ഈ സമയം കണ്ടെത്തി.
മാമല എസ്.എൻ.എൽ.പി, വീട്ടൂർ ഗവ.എൽ.പി, വരിക്കോലി, പുറ്റുമാനൂർ, പുത്തൻകുരിശ് ഗവ. യു.പി, തമ്മാനിമറ്റം ഗവ. എൽ.പി, വടവുകോട് എൽ.പി, ചെങ്ങര വായനശാല, മലയിടംതുരുത്ത് യു.പി എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രം പണിമുടക്കിയത്. വടവുകോട്ടിൽ ഒരു മണിക്കൂറിന് ശേഷമാണ് തകരാർ പരിഹരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് മൂലം തിരുവാണിയൂർ, കടയിരുപ്പ് എൽ.പി എന്നിവിടങ്ങളിലും പോളിംഗ് വൈകിയതായി പരാതിയുണ്ട്.