കൊച്ചി: ജനവിധി ഉള്ളിലൊളിപ്പിച്ച വോട്ടിംഗ് യന്ത്രങ്ങൾക്ക് ഇനി 40 ദിവസം സ്‌ട്രോംഗ് റൂമുകളിൽ വിശ്രമം. ജൂൺ നാലിന് വോട്ടെണ്ണൽ ദിവസമാണ് യന്ത്രങ്ങൾ ആ രഹസ്യം പുറത്തുവിടുക. എറണാകുളം മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ കുസാറ്റിലെ വിവിധ കേന്ദ്രങ്ങളിലും ചാലക്കുടി മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ ആലുവ യു.സി. കോളേജിലെ സ്‌ട്രോംഗ് റൂമിലുമാണ് അതീവ സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന പൊലീസ് സേനകൾ സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ ഏറ്റെടുത്തു. ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വെബ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നിശ്ചിതസമയം കഴിഞ്ഞും വോട്ടെടുപ്പ് നീണ്ടതോടെ രാത്രി വൈകിയാണ് വിവിധയിടങ്ങളിൽനിന്ന് വോട്ടിംഗ് മെഷീൻ സ്‌ട്രോംഗ് റൂമിലെത്തിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും കളക്ടറുമായി എൻ.എസ്.കെ ഉമേഷ്, സ്ഥാനാർത്ഥികളുടെ ഏജന്റുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സ്‌ട്രോംഗ് റൂം പൂട്ടി സീൽവച്ചത്.