കൊച്ചി: പോളിംഗ് ദിനത്തിലും ചാലക്കുടി മണ്ഡലത്തിൽ വോട്ടർമാരെ നേരിൽക്കണ്ട് സ്ഥാനാ‌ർത്ഥികൾ. യു.ഡി.എഫ് സ്ഥാനാ‌ർത്ഥി ബെന്നി ബെഹനാനും എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണനും മാത്രമാണ് മണ്ഡലത്തിൽ വോട്ടുള്ളത്. എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന് തൃശൂരിലും ട്വിന്റി20 സ്ഥാനാ‌ർത്ഥി അഡ്വ. ചാർളി പോളിന് എറണാകുളം മണ്ഡലത്തിലുമായിരുന്നു വോട്ട്.

പ്രൊഫ. സി. രവീന്ദ്രനാഥ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും വിവിധ പോളിംഗ് ബൂത്തുകളിലും സന്ദർശനം നടത്തി.

ചാലക്കുടിയും തൃശൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

ജനാധിപത്യത്തിന്റെ പരമാധികാരം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തിയ ഓരോരുത്തർക്കും നന്ദിയുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ പറഞ്ഞു. മണ്ഡലത്തിലെ വിവിധ ബൂത്തുകളിലും സ്ഥാനാർത്ഥി എത്തി വോട്ടർമാരെ നേരിൽക്കണ്ടു.
എൻ.ഡി.എ സ്ഥാനാ‌ർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ ചാലക്കുടി ഫാസ് ഓഡിറ്റോറിയത്തിൽ വോട്ടുചെയ്തശേഷം കൈപ്പമംഗലം, കൊടുങ്ങല്ലൂർ, അങ്കമാലി, ആലുവ, പെരുമ്പാവൂർ മണ്ഡലങ്ങളിലെ ബൂത്തുകൾ സന്ദർശിച്ചു.

ട്വന്റി20 പാർട്ടി സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ പാലാരിവട്ടം തമ്മനം റോഡിലുള്ള സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് ജൂബിലി ഹാളിൽ രാവിലെ 7.30ന് വോട്ട് രേഖപ്പെടുത്തിയ ശേഷം വിവിധ മണ്ഡലങ്ങൾ സന്ദർശിച്ചു.