election
തുറവൂർ സെന്റ് അഗസ്റ്റിൽ യു.പി.സ്കൂളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കിയപ്പോൾ വോട്ടർമാർ പുറത്ത് കാത്തുനിൽക്കുന്നു

അങ്കമാലി: ചാലക്കുടി മണ്ഡലത്തിൽപ്പെട്ട അങ്കമാലിയിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ മുതൽ ബൂത്തുകളിൽ തിരക്കുണ്ടായിരുന്നു. ചൂടുയർന്നതോടെ പോളിംഗ് അല്പം കുറഞ്ഞെങ്കിലും വൈകിട്ടോടെ ശക്തിപ്രാപിച്ചു. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.

തുറവൂർ സെന്റ് അഗസ്റ്റിൻ യു.പി സ്‌കൂളിലെ 113-ാം ബൂത്തിലും കിടങ്ങൂർ ശ്രീഭദ്ര സ്‌കൂൾ 112-ാം ബൂത്തിലും യന്ത്രം ഒരു മണിക്കൂറോളം പണിമുടക്കി. രണ്ടിടത്തും യന്ത്രം മാറ്റി സ്ഥാപിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. എളവൂർ 68-ാം ബൂത്തിൽ യന്ത്രം പണിമുടക്കിയതിനാൽ വോട്ടിംഗ് ഒരു മണിക്കൂർ നീട്ടി. പാലിശേരി ഹൈസ്‌കൂൾ ബൂത്തിലും അങ്കമാലി സെന്റ് ജോസഫ് സ്‌കൂൾ ബൂത്തിലും മോക്‌പോൾ സമയത്ത് യന്ത്രം പണിമുടക്കി. ടെക്‌നീഷ്യൻ തകരാർ പരിഹരിച്ചതിനാൽ വോട്ടിംഗ് വൈകിയില്ല. ചുള്ളി 41-ാം നമ്പർ ബൂത്തിൽ യന്ത്രം പലവട്ടം പണിമുടക്കി.