 
മട്ടാഞ്ചേരി:കൊച്ചി മണ്ഡലത്തിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിര തന്നെയാണ് പ്രത്യക്ഷപ്പെട്ടത്.പല ബൂത്തുകളിലും പോളിംഗ് വൈകുന്ന സാഹചര്യമുണ്ടായി.ബീപ് ശബ്ദം കേൾക്കാൻ വൈകുന്നതും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പോളിംഗ് വൈകാൻ കാരണമായെന്ന് ആക്ഷേപമുണ്ടായി.
മട്ടാഞ്ചേരി എം.എം.വി.എച്ച്.എസിലെ 57-ാം നമ്പർ ബൂത്തിൽ രാവിലെ മുതൽ തന്നെ പോളിംഗ് വൈകുന്ന സാഹചര്യമുണ്ടായി.വൈകിട്ട് അഞ്ച് മണിയായിട്ടും വോട്ടർമാരുടെ നീണ്ട നിരയിൽ മാറ്റം വരാതായതോടെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തി.തുടർന്ന് ഫോർട്ട്കൊച്ചി സബ് കളക്ടർ കെ.മീര സ്ഥലത്തെത്തി എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുമെന്ന് അറിയിച്ചു.കുമ്പളങ്ങി ഗവ.സ്കൂളിലെ 151 ആം നമ്പർ ബൂത്തിലും രാവിലെ മുതൽ തന്നെ പോളിംഗ് മന്ദഗതിയിലായിരുന്നു.
പോളിംഗ് വൈകിയതോടെ ആളുകൾ വോട്ട് രേഖപ്പെടുത്താതെ മടങ്ങുന്ന സാഹചര്യമുണ്ടായി.പ്രതിഷേധമുയർന്നതോടെ മൂന്ന് മണിയോടെ ഉദ്യോഗസ്ഥരെത്തി പ്രശ്നത്തിന് പരിഹാരമായി.വൈകിട്ടും ഇവിടെ വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു.പെരുമ്പടപ്പ് കൊവേന്ത സെൻ്റ്. ആന്റണീസ് സ്കൂളിലും വോട്ടെടുപ്പ് സമയത്തിന് ശേഷവും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു.മട്ടാഞ്ചേരി എം.എ.എസ്.എസ്.എൽ.പി.സ്കൂളിലെ 28-ാം നമ്പർ ബൂത്തിൽ വിവി പാറ്റിന്റെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു മണിക്കൂറോളം പോളിംഗ് തടസപ്പെട്ടു. കൂടുതൽ വിവി പാറ്റുകൾ എത്തിച്ച് പ്രശ്നം പരിഹരിച്ചു.78 -ാം നമ്പർ ബൂത്തിൽ ബീപ് ശബ്ദം കേൾക്കുന്നില്ലെന്ന പരാതിയെ തുടർന്ന് മിഷ്യൻ മുഴുവൻ മാറ്റി.അപ്പോഴേക്കും പകുതിയിലേറെ വോട്ട് പോൾ ചെയ്തിരുന്നു.
കൊച്ചിയിൽ കനത്ത ചൂടിനെ അവഗണിച്ചും വോട്ടർമാർ വോട്ട് ചെയ്യാൻ എത്തി.കെ.ജെ മാക്സി എം.എൽ.എ.തോപ്പുംപടി ഔവർ ലേഡീസ് ഹയർസെക്കൻഡറി സ്കൂളിലെ 76-ാം നമ്പർ ബൂത്തിൽ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി. സർക്കാരിന്റെ ഡൽഹി പ്രതിനിധി കെ.വി തോമസ് തോപ്പുംപടി ഔവർ ലേഡീസ് ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിൽ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി.