vavakkad-booth-
വടക്കേക്കര പഞ്ചായത്തിലെ വാവക്കാട് പതിനെട്ടാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക്

പറവൂർ: പറവൂർ നിയോജമണ്ഡലത്തിൽ മികച്ച പോളിംഗ് നടന്നെങ്കിലും വോട്ടെടുപ്പിന്റെ വേഗത കുറവായത് വോട്ടർമാരെ കഷ്ടത്തിലാക്കി. വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തന്നെ എല്ലാ ബൂത്തുകളിലും നല്ല തിരക്കുണ്ടായിരുന്നു. പന്ത്രണ്ട് മണിയോടെ വോട്ടർമാർ എത്തുന്നത് കുറഞ്ഞെങ്കിലും വെയിലാറിയതോടെ കൂടുതൽ പേർ വോട്ട് ചെയ്യാനെത്തി. രാവിലെ പുരുഷ വോട്ടർമാരാണ് കൂടുതലെത്തിയത്. പിന്നീട് സ്ത്രീ വോട്ടർമാരായി ബൂത്തുകളിൽ കുടുതൽ. പോളിംഗ് അവസാനിക്കുന്നതുവരെ പല ബൂത്തുകളിലും നല്ല തിരക്കായിരുന്നു. സമയം കഴിഞ്ഞിട്ടും നീണ്ടനിര ചില ബൂത്തുകളിൽ കണ്ടു.

ഉച്ചയ്ക്ക് ഒരു മണിയോടെ നാൽപത് ശതമാനം വോട്ട് രേഖപ്പെടുത്തി. ആറോടെ ഏഴുപത് ശതമാനം പിന്നിട്ടു. ചിറ്റാറ്റുകര ഗവ. എൽ.പി സ്കൂളിൽ അരമണിക്കൂറും തുരുത്തിപ്പുറം ഗവ. എസ്.എൻ.വി സ്കൂളിൽ നാൽപത് മിനിറ്റും വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ വോട്ടെടുപ്പ് തടസപ്പെട്ടു. ചേന്ദമംഗലം പാലിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അമ്പത്തിയാറാം നമ്പർ ബൂത്തിൽ യന്ത്രം തകരാറിയായതിനാൽ നാൽപത് മിനിറ്റ് വൈകിയാണ് വോട്ടെടുപ്പ് തുടങ്ങിയത്. തെക്കേത്തുരുത്ത് ലിറ്റിൽ ഫ്ളവർ സ്കൂളിൽ വെളിച്ചക്കുറവിനെത്തുടർന്ന് ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് നിരവധിപേർ പകൽ സമയത്ത് വോട്ട് ചെയ്തത്. പുത്തൻവേലിക്കരയിലെ മാളവന എസ്.എച്ച്‌.ജെ.എൽ.പി.എസ്, നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്‌കൃതം ഹയർസെക്കൻഡറി സ്‌കൂൾ തുടങ്ങിയ ബൂത്തുകളിൽ മന്ദഗതിയിലായിരുന്നു പോളിംഗ്.

*******

കുഞ്ഞിത്തൈ 22-ാം നമ്പർ ബൂത്തിലെ വോട്ടർ ഡോജിക്ക് പേരിലെ വ്യത്യാസംമൂലം വോട്ട് ചെയ്യാൻ സാധിക്കാതെ പോയി. ഡോജിയുടെ പേര് 'സോജി' എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

*******

പറവൂർ നിയോജകമണ്ഡലത്തിലെ 142-ാം നമ്പർ ബൂത്തായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിൽ ആളുമാറി വോട്ട് ചെയ്തതായി പരാതി. കുറുന്തറ ശ്രീലാലിന്റെ ഭാര്യ അനിതയുടെ വോട്ടർപട്ടികയിലെ ക്രമനമ്പർ 142 ആണ്. എന്നാൽ മറ്റൊരുക്രമനമ്പറിലുള്ള സ്ത്രീ വോട്ടർ പോളിംഗ് സ്റ്റേഷനിലെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നൽകിയ സ്ലിപ്പിൽ ക്രമനമ്പറിന്റെ സ്ഥാനത്ത് ബൂത്ത് നമ്പറാണ് തെറ്റായി എഴുതിയിരുന്നത്. പേര് നോക്കാതെ തെറ്റായ ക്രമനമ്പർ വച്ച് വോട്ട് രേഖപ്പെടുത്തി. പോളിംഗ്സ്റ്റേഷനിലെ ബൂത്ത് ഏജന്റുമാർക്കും പിശക് മനസിലായില്ല. അനിത വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. അനിത ടെണ്ടർ വോട്ട് രേഖപ്പെടുത്തി. സംഭവത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി

*******

വ്യവസായിയായ കച്ചേരിപ്പടി ഗോവിന്ദവിലാസിൽ എസ്.പി. നായർ നൂറ്റിരണ്ടാം വയസിലും ബൂത്തിലെത്തി വോട്ട് ചെയ്തു. 91വയസുള്ള ഭാര്യ ലീല പി. നായരുടെ കൈപിടിച്ചാണ് പറവൂർ ഗവ. എൽ.പി.ജി സ്‌കൂളിലെത്തിയത്. മകൾ ഷൈലയും കൊച്ചുമകൾ സരോജും ഒപ്പമുണ്ടായിരുന്നു. 85 പിന്നിട്ടവർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള അവസരമുണ്ടെങ്കിലും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണമെന്ന തീരുമാനത്തിലായിരുന്നു എസ്.പി. നായർ.