കൊച്ചി: തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറി ട്രാൻസ്ജെൻഡേഴ്സ്. പല വോട്ട‌ർമാരും പ്രതിഷേധിച്ച് വോട്ട് ചെയ്തില്ല. ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിന് അനുകൂലമായി ജനപ്രതിനിധികളോ രാഷ്ട്ര്രീയ പാർട്ടികളോ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ട്രാൻസ്ജെൻഡറായ അഡ്വ. പദ്മലക്ഷ്മി പറഞ്ഞു. കോടതിയിൽനിന്ന് മാത്രമാണ് ട്രാൻസ്ജെൻഡേഴ്സിന് അനുകൂല വിധി ഉണ്ടായിട്ടുള്ളത്. ജോലി, ചികിത്സ, താമസം ഇത്തരത്തിൽ പലകാര്യങ്ങളിലും തങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇടതുപക്ഷമോ വലതുപക്ഷമോ ബി.ജെ.പിയോ ഇതുവരെ തങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് ആകുമ്പോൾ മാത്രമാണ് പലരും തങ്ങൾ ട്രാൻസ്ജെൻഡേഴ്സിന് അനുകൂലമാണെന്ന് പറഞ്ഞെത്തുന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇതൊന്നും പ്രാബല്യത്തിൽ വരില്ലെന്നും പദ്മലക്ഷ്മി പറഞ്ഞു. ജില്ലയിൽ ചാലക്കുടി മണ്ഡലത്തിൽ 21പേരും എറണാകുളത്ത് 15 പേരുമാണ് ട്രാൻസ്ജെൻഡർ വോട്ടർമാർ. എന്നാൽ ഇവരിൽ പകുതിപ്പേർപോലും വോട്ട് ചെയ്തില്ല.

എറണാകുളത്ത് 32.25, ചാലക്കുടിയിൽ 38.09 ശതമാനവും മാത്രമാണ് ട്രാൻസ്ജെൻഡേഴ്സിന്റെ വോട്ടിംഗ് ശതമാനം.