കൊച്ചി: സഞ്ചാരികൾക്കായി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നാലാമത്തെ വാട്ടർ ടാക്സി അടുത്ത മാസം സർവീസാരംഭിക്കും. ഉടൻ വാട്ടർ ടാക്സിയെത്തുമെന്നാണ് പ്രതീക്ഷ. പാണാവള്ളി നവാൾട്ട് യാർഡിലാണ് നിർമ്മാണം പുരോഗമിക്കുകയാണ്. 50 ലക്ഷമാണ് നിർമ്മാണച്ചെലവ്.
വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വാട്ടർ ടാക്സിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒന്ന് മുഹമ്മയിലും രണ്ടെണ്ണം പറശിനിക്കടവിലുമാണ് സർവീസ് നടത്തുന്നത്. ആലപ്പുഴ- ചങ്ങനാശേരി റൂട്ടിലായിരുന്നു ആദ്യം സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇവിടെ പോളശല്യം രൂക്ഷമായതിനാലും വെള്ളം ഉയർന്ന് കിടക്കുമ്പോൾ പാലങ്ങൾക്ക് അടിയിലൂടെ ബോട്ടിന് കടന്നു പോകാൻ ബുദ്ധിമുട്ടുള്ളതിനാലും മുഹമ്മയിലേക്ക് മാറ്റുകയായിരുന്നു. വലിയ വേഗതയിൽ പോകുന്നതിനാൽ ഡീസലിലാണ് സർവീസ്. കൂടാതെ വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യാനും സാധിക്കും. സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്ത എൻജിനാണ് ഉപയോഗിക്കുന്നത്. മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്ന് പാതിരാമണൽ ദ്വീപിലേക്കാണ് സർവീസ് നടത്തുന്നത്.
പാതിരാമണൽ സന്ദർശിക്കാൻ എത്തുന്ന പലരും കായിപ്പുറം ബോട്ട് ജെട്ടിയിലാണ് എത്തുന്നത്. അതിനാൽ കായിപ്പുറം ബോട്ടുജെട്ടിയിൽ നിന്നും ഈ വാട്ടർ ടാക്‌സി സർവീസ് നടത്താനും ജലഗതാഗത വകുപ്പ് ശ്രമിക്കുന്നുണ്ട്. പറശിനിക്കടവിലെ സർവീസിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെ അടുത്തതും പറശിനിക്കടവ് കേന്ദ്രീകരിച്ചു സർവീസ് നടത്തുകയാണ്.
നിർമ്മാണം അവസാന ഘട്ടത്തിൽ
പുതിയ ബോട്ടിന്റെ അവസാനഘട്ട നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നത്. നിർമാണം കഴിഞ്ഞു ബോട്ട് എത്തുന്നതോടെയാകും എവിടെയാണു ബോട്ട് സർവീസ് നടത്തുകയെന്നു തീരുമാനിക്കുക.
മണിക്കൂറിന് 1500 രൂപ
10 പേർക്ക് യാത്ര ചെയ്യാവുന്ന ടാക്‌സിയിൽ സഞ്ചരിക്കാൻ മണിക്കൂറിന് 1500 രൂപയാണ് ചാർജ്. 20 മിനിട്ട് ദൈർഘ്യമുള്ള യാത്രകൾക്ക് 700 രൂപ ഈടാക്കുന്ന സർവീസുകളുമുണ്ട്. 175 കുതിരശക്തിയുള്ള എൻജിനായതിനാൽ വലിയ വേഗതയിൽ പോകുമ്പോൾ തിട്ട ഇടിയുന്നതായി പരാതി വന്നിട്ടുണ്ട്. ഇത് പരിഹരിക്കാൻ 10 കുതിരശക്തിയുള്ള എൻജിൻ വാങ്ങാനും പദ്ധതിയുണ്ട്.
വാട്ടർ ടാക്സി
വേഗത- 17 നോട്ടിക്കൽ മൈൽ
നീളം- 9 മീറ്റർ
വീതി- 4 മീറ്രർ
ഡീസൽ കപ്പാസിറ്റി- 200 ലിറ്റർ