election

കൊച്ചി: പോളിംഗ് മന്ദഗതിയിലായതിന് പിന്നാലെ ജില്ലയുടെ സിംഹഭാഗവും പങ്കിടുന്ന എറണാകുളം, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളിൽ ആകെ രേഖപ്പെടുത്തിയ വോട്ടിലും വലിയ കുറവ്. 2019നെ അപേക്ഷിച്ച് പോൾചെയ്ത വോട്ടിൽ 9.34ശതമാനം എറണാകുളത്തും 8.55ശതമാനത്തിന്റെ കുറവ് ചാലക്കുടിയിലും. ഇരുമണ്ഡലങ്ങളിലും പോളിംഗ് ശതമാനം വർദ്ധിക്കുമെന്നായിരുന്നു മൂന്ന് മുന്നണികളുടെയും കണക്കുകൂട്ടൽ. കനത്ത ചൂടിനെത്തുടർന്ന് ആളുകൾ വോട്ടുചെയ്യാൻ വൈമുഖ്യം കാണിച്ചാൽമാത്രം നേരിയ കുറവ് ഉണ്ടയേക്കാമെന്ന് കരുതിയിരുന്നിടത്താണ് ഇത്രയും വോട്ടുകൾ കുറഞ്ഞത്. രാഷ്ട്രീയപാർട്ടികളും മുന്നണികളുമെല്ലാം ആകാംക്ഷയുടെ മുൾമുനയിലാണ്.

പോളിംഗ് ശതമാനത്തിലെ കുറവ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് മൂന്ന് മുന്നണികളും പറയുന്നത്. കഴിഞ്ഞതവണ ആകെയുണ്ടായിരുന്ന 12,45,972ൽ 9,67,203 പേരാണ് വോട്ട് രേഖപ്പെടുത്തിയതെങ്കിൽ ഇത്തവണ ആകെയുള്ള 13,24,047ൽ 9,04,131 പേർ മാത്രമാണ് വോട്ടുചെയ്തത്. ശതമാനക്കണക്കിൽ 77.63ൽ നിന്ന് 68.29ലേക്ക് താഴ്ന്നു.

2014ൽ 73.58 ആയിരുന്ന പോളിംഗ് ശതമാനമാണ് 2019ൽ 77ന് മുകളിലേക്ക് ഉയർന്നത്. അതാണ് ഇത്തവണ 68.29ലേക്ക് പതിച്ചത്.

യുവാക്കളുടെ വോട്ട് കുറഞ്ഞെന്നും സ്ത്രീവോട്ടർമാർ ബൂത്തിലേക്കെത്തിയതിൽ കുറവുണ്ടായെന്നും ഇതും വോട്ടിംഗ് ശതമാനം കുറയുന്നതിന് കാരണമായെന്നുമാണ് മുന്നണികളുടെ നിഗമനം. തിരഞ്ഞെടുപ്പിന് മുൻപ്പ് കീലിസ്റ്റ് ഉൾപ്പെടെ തയ്യാറാക്കി നടത്തിയ ഒരുക്കങ്ങൾ നടപ്പിൽ വരുത്താനായോ എന്നും പ്രതീക്ഷിച്ച മുഴുവൻ വോട്ടർമാരെയും ബൂത്തുകളിലെത്തിക്കാനായോ എന്നുമുള്ള വിലയിരുത്തലിലാണ് മണ്ഡലത്തിലെ മുന്നണി നേതൃത്വം.

എറണാകുളം ലോക്‌സഭ


2019
(ബ്രായ്ക്കറ്റിൽ ആകെ വോട്ട്)

പോൾ ചെയ്തത് ആകെ: 9,67,203 (12,45,972)

പുരുഷൻ: 4,80,105 (6,07,198)

സ്ത്രീ: 4,85,690 (6,38,123)

ട്രാൻജെൻഡർ- 6 (13)

2024
(ബ്രായ്ക്കറ്റിൽ ആകെ വോട്ട്)

പോൾ ചെയ്തത് ആകെ: 9,04,131 (13,24,047)

പുരുഷൻ: 4,50,659 (6,40,662)

സ്ത്രീ: 4,53,468 (6,83,370)

ട്രാൻസ് ജെൻഡർ: 4 (15)

ചാലക്കുടിയിലും വൻ ഇടിവ്

ചാലക്കുടി മണ്ഡലത്തിൽ കഴിഞ്ഞ 80.49 ശതമാനമായിരുന്ന പോളിംഗാണ് ഇത്തവണ 71.94 ശതമാനത്തിലേക്ക് താഴ്ന്നത്. 8.55 ശതമാനത്തിന്റെ കുറവ്.

ഇവിടെ ഇത്തവണ ആകെയുള്ള 13,10,529ൽ 9,42,787 പേർ മാത്രമാണ് വോട്ടുചെയ്തത്. 6,34,347 പുരുഷവോട്ടർമാരിൽ 4,60,351 പേരും 6,76,161 സ്ത്രീവോട്ടർമാരിൽ 4,82,428 പേരും 21ൽ എട്ട് ട്രാൻസ്‌ജെൻഡർമാരും മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനത്തിൽ ആശങ്കയില്ല. വിജയം സുനിശ്ചിതം.

സി.എൻ. മോഹനൻ
സി.പി.എം ജില്ലാ സെക്രട്ടറി

യുവാക്കളുടെ വോട്ടുകൾ പെട്ടിയിൽ വീഴാത്തതും വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടുമെല്ലാമാണ് വോട്ടിംഗ് ശതമാനം കുറയാൻ കാരണം. വിജയമുറപ്പ്. ഭൂരിപക്ഷം വർദ്ധിക്കും.

മുഹമ്മദ് ഷിയാസ്
ഡി.സി.സി പ്രസിഡന്റ്

വോട്ടിംഗ് കുറഞ്ഞത് പ്രശ്‌നമല്ല. വലിയ തോതിൽ മുന്നേറ്റമുണ്ടാക്കാനാകും

കെ.എസ്. ഷൈജു
ബി.ജെ.പി ജില്ലാ പ്രസിഡന്റ്