മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കടാതി ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ മൂന്നാമത് വാർഷിക ആഘോഷം ഇന്ന് സമാപിക്കും. ഇന്നലെ വൈകിട്ട് കടാതി എൽ.പി സ്കൂൾ പടിയിൽ നിന്നും ശാഖയിലേക്ക് താലപ്പൊലി, എതിരേൽപ്പ് എന്നിവ നടന്നു. രാജേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നാരങ്ങ വിളക്ക് സമർപ്പണവും നടത്തി. ഇന്ന് രാവിലെ 8 ന് ഗുരുപൂജ. തുടർന്ന് നടക്കുന്ന കുടുംബ സംഗമം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ശാഖാ പ്രസിഡന്റ് ഷാജി. കെ.എസ് അദ്ധ്യക്ഷനാകും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ അനുഗ്രഹ പ്രഭാഷണവും യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ ഭിന്ന ശേഷി സൗഹൃദ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും നടത്തും. ശാഖയിലേയ്ക്കുള്ള ഡൈനിംഗ് ടേബിളുകളുടെ സമർപ്പണം യോഗം ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. എൻ. രമേശും പ്രാർത്ഥന ഹാളിലേക്കുള്ള കൂളറിന്റെ സമർപ്പണം യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാനും നടത്തും. കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. ബിജി ദിലീപിനെയും വാളകം ഗ്രാമ പഞ്ചായത്തിലെ യുവകർഷകൻ സജിൽ കൊടക്കപ്പിള്ളിലിനേയും മികച്ച വനിത കർഷക ബിന്ദു ദിലീപ് കൂരാപ്പിള്ളിലിനേയും ആദരിക്കും. ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി എം.എസ് ഷാജി, ആഘോഷ കമ്മിറ്റി കൺവീനർ എം.ആർ. സമജ് എന്നിവർ സംസാരിക്കും. തുടർന്ന് ശാഖാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും ആരക്കുഴ സോപാന തീർത്ഥം അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.