diamond

കൊച്ചി: പ്രമുഖ ജുവലറിയുടെ പങ്കാളികളെന്ന് വിശ്വസിപ്പിച്ച് കൊച്ചിയിൽ വ്യാജ ഡയമണ്ട് തട്ടിപ്പ്. എറണാകുളം സ്വദേശിനിക്കും പിതാവിനും നഷ്ടമായത് 50ലക്ഷംരൂപയുടെ സ്വർണം. കോഴിക്കോട് സ്വദേശികളും കേരളത്തിന് പുറത്ത് താമസിക്കുന്നവരുമായ രണ്ട് മലയാളികളാണ് തട്ടിപ്പിന് പിന്നിൽ. ഇരുവർക്കുമെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 20നായിരുന്നു കേസിനാസ്പദമായ സംഭവം.

കൊച്ചിയിലെ മുതിർന്ന അഭിഭാഷകനാണ് യുവതിയുടെ പിതാവ്. കലൂരിലെ ഇവരുടെ തറവാട്ടുവക ഭൂമി വിൽക്കാനുണ്ടെന്ന് കാട്ടി അടുത്തിടെ പരസ്യം നൽകിയിരുന്നു. കഴിഞ്ഞ 17നാണ് പ്രമുഖ ജുവലറിയുടെ പങ്കാളികളെന്ന് പറഞ്ഞ് പ്രതികൾ സ്ഥലംവാങ്ങാൻ താത്പര്യപ്പെട്ട് യുവതിയുടെ പിതാവിനെ സമീപിച്ചത്. ദുബായിലെ ജുവലറിയുടെ ഇന്റീരിയർ ജോലികൾ നൽകാമെന്നും ഉറപ്പുനൽകി സൗഹൃദം ഊട്ടിയുറപ്പിച്ചു.

ഇതിനിടെ വജ്രത്തിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചും ഇതിന്റെ സാദ്ധ്യതകളും പ്രതികൾ പങ്കുവച്ചു. 50 ലക്ഷം രൂപയുടെ വജ്രം വാങ്ങിയവിലയ്ക്ക് നൽകാമെന്ന ഓഫറിൽ വിശ്വസിച്ച് വജ്രത്തിൽ നിക്ഷേപം നടത്താൻ യുവതിയും പിതാവും സന്നദ്ധത അറിയിച്ചു. തൊട്ടടുത്ത ദിവസം പ്രതികൾ കൊച്ചിയിലെ ഓഫീസിൽ യഥാർത്ഥ വജ്രങ്ങൾ എത്തിച്ചുകൊടുത്തു. പരിശോധിച്ച് യഥാർത്ഥ വജ്രമെന്ന് ഉറപ്പാക്കിതോടെ പൂർണവിശ്വസമായി. പിന്നീട് ഈ ഡയമണ്ട് പ്രതികൾക്ക് തിരികെനൽകി. രണ്ടുദിവസം കഴിഞ്ഞ് ഇടപാട് നടത്താമെന്ന് ഉറപ്പുംനൽകി.

20ന് വൈകിട്ട് ചെറിയ ലോക്കറിൽ വജ്രവുമായി പ്രതികൾ ഹൈക്കോടതിക്ക് സമീപത്തെ അഭിഭാഷകന്റെ ഓഫീസിൽ വീണ്ടുമെത്തി. 50ലക്ഷം രൂപയ്ക്ക് പകരമായി മാല, വള, മോതിരം, കമ്മൽ, ചെയിൻ എന്നിങ്ങനെ 90 പവന്റെ ആഭരണങ്ങളാണ് പ്രതികൾക്ക് നൽകിയത്. ലോക്കറിന്റെ നമ്പർ തെറ്റായി നൽകിയതിനാൽ ഇവർക്ക് തുറക്കാൻ കഴിഞ്ഞില്ല. പ്രതികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർ ഫോണെടുക്കാതായതോടെ തട്ടിപ്പ് മണത്തു. പിന്നീട് ലോക്കർ മറ്റൊരു മാർഗത്തിലൂടെ തുറന്നപ്പോഴാണ് നൽകിയത് വ്യാജ വജ്രമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് 25ന് യുവതി കൊച്ചി സിറ്റിപൊലീസിനെ സമീപിച്ചു. പ്രതികൾ ഫോൺ ഓഫാക്കി സ്ഥലംവിട്ടതായാണ് സൂചന. കേസന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും. പ്രതികളുടെ ഫോട്ടോയും സി.സി ടിവി ദൃശ്യവും പരാതിക്കൊപ്പം പൊലീസിന് ലഭിച്ചതായാണ് വിവരം.