hybi

കൊച്ചി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ കോലാഹങ്ങൾക്കും ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനും പരാതികളും പരിഭവങ്ങളും നിറഞ്ഞ വോട്ടെടുപ്പിനുമെല്ലാം ശേഷവും എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് തിരക്കൊഴിയുന്നില്ല. ആയുർവേദ ചികിത്സ, യാത്രകൾ, പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ, ബന്ധു വീടുകളിലെ സന്ദർശനം... തിരക്കിൽ നിന്ന് തിരക്കുകളിലേക്ക് പായുകയാണ് സ്ഥാനാർത്ഥികൾ. ഇതിനിടെ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങൾ വേറെയും.

എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഇനിയുള്ള ദിവസങ്ങളിൽ കുടുംബത്തിനൊപ്പമാകും ചെലവഴിക്കുക. അടുത്ത ദിവസം ഭാര്യ അന്നയുടെ ഗുരുവായൂരുള്ള വീട്ടിൽ പോകും. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിലുണ്ടാകും. മണ്ഡലത്തിൽ മുൻ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കും. എല്ലാ ദിവസവും പതിവുപോലെ വീട്ടിൽ ആളുകളെ സന്ദർശിക്കും. ഭാര്യയ്ക്കും മകൾ ക്ലാരയ്ക്കുമൊപ്പം യാത്ര പോകുന്നതിനേക്കുറിച്ച് പിന്നീട് പ്ലാൻ ചെയ്യുമെന്നും ഹൈബി പറഞ്ഞു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ ഇന്നലെ മണ്ഡലത്തിലെ വിവിധ എൽ.ഡി.എഫ് നേതാക്കളെ സന്ദർശിച്ചു. വിവിധ പാർട്ടി ഓഫീസുകളിൽ സന്ദർശനം നടത്തി. കടുത്ത ശരീരവേദനയുണ്ടെന്നും അടുത്ത ദിവസം തന്നെ തൃപ്പൂണിത്തുറ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടുമെന്നും അവർ പറഞ്ഞു.


എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണൻ ഇന്നലെയും ഇന്നുമെല്ലാം വീട്ടിൽതന്നെ വിശ്രമിക്കുകയായിരുന്നു. ഇന്നലെ ഉറ്റ് സുഹൃത്തും സാഹിത്യകാരനുമായ കെ.എൽ. മോഹനവർമ്മയെ സന്ദർശിച്ചു. ഇപ്പോൾ വിശ്രമമാണ് ആവശ്യമെന്നും മറ്റൊന്നും തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ചാലക്കുടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് വരും ദിവസങ്ങളിലും മണ്ഡലത്തിൽ തന്നെ ഉണ്ടാകും. പാർട്ടി കമ്മിറ്റികളിലും വിലയിരുത്തൽ യോഗങ്ങളിലും പങ്കെടുക്കും. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മുന്നണി നേതാക്കളെയും നേരിൽ സന്ദർശിക്കുന്നുണ്ട്.

ഇന്നലെ എസ്.എൻ.ഡി.പി യോഗം ചാലക്കുടി ശാഖാ ഓഫീസ്, ചാലക്കുടി സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ചാലക്കുടിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണനും തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങൾ മാത്രമാണ് പദ്ധതിയിലുള്ളത്.