f

നല്ലൊരു മനുഷ്യനായിപ്പോയെന്ന കുറ്റമേ ഇ.പി. ജയരാജൻ സഖാവ് ചെയ്തിട്ടുള്ളൂ. അതിന് എല്ലാവരും കൂടി എയറിൽ നിറുത്തുകയാണ്. നടന്ന് ക്ഷീണിച്ചയൊരാൾ വീട്ടിൽക്കയറിവന്ന് ലേശം വെള്ളം തരാമോയെന്നു ചോദിച്ചപ്പോൾ, കാഴ്ചയിൽ മാന്യനായിരുന്നതിനാൽ അകത്ത് വിളിച്ചിരുത്തി ചായയും കണ്ണൂരിലെ കിണ്ണത്തപ്പവും കൊടുത്തത് ഇത്രയും പുലിവാലാകുമെന്നു കരുതിയില്ല. എവിടെയോ കണ്ടു പരിചയമുണ്ടല്ലോയെന്നു ചോദിച്ചപ്പോഴാണ് സംഘി നേതാവ് പ്രകാശ് ജാവദേക്കറാണെന്നു പഹയൻ പറഞ്ഞത്. എന്നിട്ടൊരു ചോദ്യം; ഇങ്ങനെയൊക്കെ നടന്നാ മതിയോ സഖാവേ, ങ്ങക്കൊരു ഗവർണറാകണ്ടേയെന്ന്. പ്ലീസ് നിർബന്ധിക്കരുതെന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും എളിമയുടെ പേരിൽ മിണ്ടിയില്ല. പുവർ ഫെലോസിനോട് എന്തുപറയാൻ. ചായ കൊടുത്തും പോയി, ഓൻ കുടിച്ചും പോയി. ഇറക്കിവിടാൻ പറ്റുമോ!. വീട്ടിൽ വരുന്നവരെ സത്കരിച്ച് ജാളിയാക്കി വിടുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. പക്ഷേ, വലവീശിപ്പിടിക്കാനെത്തിയ വലിയ സംഘിയാകുമെന്നു കരുതിയില്ല. അയൽക്കാർ പോലും സംഗതിയറിഞ്ഞില്ലെന്ന് ആശ്വസിച്ചിരുന്നപ്പോഴാണ് ആകെ ഗുലുമാലായത്. വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്ത ഒരു മാന്യനാണ് പണി പറ്റിച്ചത്. സഖാവിന്റെ വീട്ടിലേക്ക് കാവിക്കളസമിട്ട ഭീകര സംഘി കയറിപ്പോയെന്ന് സകലരും അറിഞ്ഞു. സത്യത്തിൽ ജാവദേക്കറെ കണ്ടപ്പോൾ താടിയൊക്കെവച്ച തറവാടി സഖാവാണെന്നാണ് കരുതിയത്. വെടിയുണ്ടയെ മഞ്ചാടിക്കുരുവായി തെറ്റിദ്ധരിച്ചുപോയി!
പാർട്ടി സെക്രട്ടറിക്കു തത്തുല്യമായ പദവിയെന്ന നിലയ്ക്കാണ് ജയരാജന് ഗവർണർ സ്ഥാനം വാഗ്ദാനം ചെയ്തതെന്നാണ് സംഘികളുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയോ പാർട്ടി ജനറൽ സെക്രട്ടറിയോ ആകേണ്ടയാൾ ആയിരുന്നെങ്കിലും മൂപ്പര് 'സംപൂജ്യൻ" ആയതിൽ സംഘികൾക്കും അടുപ്പക്കാരായ സഖാക്കൾക്കും വലിയ സങ്കടമുണ്ട്. ഗവർണറാകാൻ താത്പര്യമുള്ള പല സഖാക്കളുമുണ്ടെന്നാണ് വിവരം. ബ്രോക്കർമാരെയും സഖാക്കളെയും കോൺഗ്രസുകാരെയും വല്ലാതെ ചൊറിഞ്ഞാൽ എന്തെങ്കിലുമൊക്കെ വിളിച്ചുപറയുമെന്നതിനാൽ സഖാവിനെ ശാസിച്ച് പ്രശ്‌നം അവസാനിപ്പിക്കാനാണ് സഖാക്കളുടെ ആലോചന.

സഖാവ് ജയരാജൻ ചില കൂട്ടുകെട്ടുകളിൽ ശ്രദ്ധിക്കണമെന്ന് മുഖ്യ സഖാവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാപിയുമായി ശിവൻ കൂട്ടുകൂടിയാൽ ശിവനും പാപിയായിടുമെന്ന് മുഖ്യ സഖാവ് പറഞ്ഞതിൽ എല്ലാമുണ്ട്. ജയരാജന്റെ കൂട്ടുകാരെ ഇനിമുതൽ പാർട്ടി സി.ഐ.ഡികൾ നിരീക്ഷിക്കുകയും പാർട്ടികോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്യും. പീഡനങ്ങളുടെ തീവ്രതയും കൂട്ടുകെട്ടിലെ പൊരുത്തക്കേടുകളും അളക്കാൻ ശാസ്ത്രീയ സംവിധാനമുള്ള ഏക പ്രസ്ഥാനമാണിത്. സാമ്രാജ്യത്വ ഭീകരന്മാരുടെ ഏജന്റുമാരായ സംഘികൾക്കും കോൺഗ്രസുകാർക്കും ഈ പ്രസ്ഥാനത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല. ദിവ്യനായ ഒരു ബ്രോക്കർക്കൊപ്പം ജാവദേക്കർ തന്നെ കാണാൻ വന്നെന്നും രാഷ്ടീയം പറഞ്ഞില്ലെന്നും തിരഞ്ഞെടുപ്പ് ദിവസം ജയരാജൻ സഖാവ് വെളിപ്പെടുത്തിയതും ചിലർ കുത്തിപ്പൊക്കുകയാണ്.

ജാവദേക്കർ എന്തൊക്കെയോ പറഞ്ഞെങ്കിലും ഹിന്ദിയായതിനാൽ മനസിലായില്ല. 'ചായ, ബഹുത് അച്ഛാ ഹേ" എന്നു പറഞ്ഞതു മാത്രം പിടികിട്ടി. പോകാനായി യാത്ര പറഞ്ഞപ്പോൾ, ഫാസിസ്റ്റ് നയങ്ങൾ മാറ്റി ഒന്നു നന്നായിക്കൂടേയെന്ന് സഖാവ് മലയാളത്തിൽ ഉപദേശിച്ചത് ജാവദേക്കറിനും മനസിലായില്ല. ഇതാണ് സത്യമെന്ന് എല്ലാവർക്കും അറിയാമെങ്കിലും കോൺഗ്രസുകാർ നുണകൾ പറ പരത്തുകയാണ്. ബി.ജെ.പി നേതാക്കളെ ചായ കുടിക്കാൻ മറ്റു ചില സഖാക്കളും ക്ഷണിച്ചിട്ടുണ്ടെന്ന് സംഘികളും പാടി നടക്കുന്നുണ്ട്. വെറുതേ ഒരാൾ ഓടിക്കയറി ചായ കുടിക്കാൻ ഇ.പി. ജയരാജൻ ചായക്കട നടത്തുന്നുണ്ടോയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ചോദ്യം.

അന്തംവിട്ട

അന്തർധാരകൾ

സംഘികളുടെ അടുത്തയാളും കളരിയാശാനുമായ സുധാകരൻ ഗവർണറാകാൻ അണിയറ നീക്കം നടത്തുകയാണെന്നു പറഞ്ഞ് സ്വന്തം പാർട്ടിക്കാരും സഖാക്കളും കുറേക്കാലമായി ആഘോഷിക്കുകയായിരുന്നു. ഇന്നത്തെ ഖദറുകാരൻ നാളത്തെ കാവിക്കാരനാകുമെന്നു പറഞ്ഞ് സഖാക്കൾ കത്തിക്കയറുന്നതിനിടെയാണ് ഇ.പി സഖാവ് ചില അപ്രിയസത്യങ്ങൾ വെളിപ്പെടുത്തിയത്. ഏതായാലും സത്യം തെളിഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് സഖാക്കളും ജനസംഘക്കാരും ജയിലിലുണ്ടാക്കിയ അന്തർധാരയുടെ തുടർച്ചയാണിതെന്ന് വ്യക്തമായി. പാവം കോൺഗ്രസുകാരെ നാട്ടുകാർ തെറ്റിദ്ധരിച്ചു. ഇ.പി. ജയരാജന്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായപ്പോഴാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചുഴിഞ്ഞ് ചിന്തിച്ച് ആ ഞെട്ടിക്കുന്ന സത്യം കണ്ടെത്തിയത്. ചില കേസുകൾ ഒതുക്കി അന്തർധാര കൂടുതൽ സജീവമാക്കാൻ കരുത്തനായ ഒരു പെരിയ സഖാവ് ബ്രോക്കറായി ഇ.പി. ജയരാജനെ അയച്ചെന്നാണ് സതീശൻജി കണ്ടെത്തിയത്. ബി.ജെ.പിക്കാരെ ചില മണ്ഡലങ്ങളിൽ ജയിപ്പിച്ച് ബാക്കിസ്ഥലങ്ങളിൽ വിപ്ലവപ്പാർട്ടിക്കായി സംഘിവോട്ടുകൾ മറിക്കാനാണത്രേ ധാരണ.

ഇ.പിയെ കാണാൻ ബി.ജെ.പി പ്രഭാരി ജാവദേക്കർജി പോകുന്നതും കുറേ സമയം കഴിഞ്ഞ് മടങ്ങുന്നതും ചില ഒളിഞ്ഞുനോട്ടക്കാർ കണ്ടുപിടിച്ച് നാറ്റിക്കുകയായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ഒരു ചായയും കിണ്ണത്തപ്പവും കഴിക്കുന്ന സമയത്തേക്കൾ കൂടുതലെടുത്തെന്നും 'നിരീക്ഷകൻ" കണ്ടെത്തി.
വിപ്ലവപ്പാർട്ടിയുടെ മതനിരപേക്ഷത കുറച്ചുനാളായി പ്രത്യേക ഡയറക്‌ഷനിൽ തിരിയുന്നുവെന്ന ആരോപണം സംഘികൾ കുറേക്കാലമായി ഉന്നയിക്കുകയും കോൺഗ്രസുകാർ രഹസ്യമായി സമ്മതിക്കുകയും ചെയ്യുന്നു. വർഗീയവാദികളെ വഴിവിട്ട് പിന്തുണച്ചാൽ പരമ്പരാഗത വോട്ടർമാർ കൈവിടുമെന്ന് വിപ്ലവപ്പാർട്ടിയിലെ പഴഞ്ചൻമാർ പരസ്യമായി പറഞ്ഞുതുടങ്ങി. ഒത്തുതീർപ്പുകൾക്കൊടുവിൽ നേട്ടങ്ങൾ ചിലരിൽ ഒതുങ്ങുകയും മറ്റുചിലർ തഴയപ്പെടുകയും ചെയ്യുന്നുവെന്നാണ് താത്വികരായ സഖാക്കളുടെ പരാതി. സഹികെട്ട സഖാക്കളുടെ ചാവേറായി ഇ.പി. ജയരാജൻ മാറിയെന്നതാണ് സത്യമെന്നും പഴഞ്ചൻമാർ വെളിപ്പെടുത്തുന്നു. എന്തെങ്കിലുമൊക്കെ പറഞ്ഞു പോയാൽ ഇന്നോവ കാർ വരുമെന്ന ആശങ്കയുള്ളതിനാൽ മൗനമാണ് വിദ്വാൻമാർക്ക് ഭൂഷണം. എന്തായാലും ഒട്ടും മെനക്കെടാതെ കുളം നന്നായി കലങ്ങുന്നതിൽ സംഘികൾ ഹാപ്പിയാണ്.