നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളംവഴി 6.68 കോടി രൂപയുടെ കൊക്കെയ്ൻ കടത്തിയ കെനിയൻ പൗരൻ അറസ്റ്റിൽ. കാപ്‌സ്യൂൾ രൂപത്തിലാക്കി കൊക്കെയ്ൻ വിഴുങ്ങിയ കരേല മൈക്കിൾ നംഗയെയാണ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ കാരിയറാണ് ഇയാൾ.
ഒരാഴ്ച മുമ്പ് എത്യോപ്യയിൽ നിന്ന് മസ്കറ്റ് വഴിയാണ് മൈക്കിൾ നംഗ കൊച്ചിയിലെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡി.ആർ.ഐ ഇയാളെയും ബാഗേജുകളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു. എക്സ്‌റേയിൽ വയറിനുള്ളിൽ ചില പൊതികൾ കണ്ടെത്തിയപ്പോൾ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫിന്റെയും ഒരാഴ്ചത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാൾ വിഴുങ്ങിയിരുന്ന 50 കാപ്‌സ്യൂളുകൾ പുറത്തെടുത്തത്. ഇവയിൽ 668 ഗ്രാം കൊക്കെയ്നുണ്ടായിരുന്നു. അങ്കമാലി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.