കോലഞ്ചേരി: കോലഞ്ചേരി മേഖലയിൽ വൈദ്യുതി തടസം തുടർക്കഥയാകുന്നു. കടുത്ത ചൂടിനിടെ ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസം ജനങ്ങളെയും വ്യാപാരികളെയും നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നവരെയടക്കം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വൈദ്യുതിയുമായി ബന്ധപ്പെട്ട മിക്ക വർക്ക് സൈറ്റുകളിലും ഇതു മൂലം തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ചെറുകിട സംരംഭകരായ തൊഴിലുടമകൾക്കും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോലഞ്ചേരി ടൗണിൽ മണിക്കൂറുകളോളം വൈദ്യുതി തടസപ്പെടുന്നതും പതിവാണ്. ഇതുമൂലം ബുദ്ധിമുട്ടുന്ന ടൗണിലെ വ്യാപാരികൾ പലപ്പോഴും നേരിട്ടും ഫോണിലൂടെയും പരാതി പറഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറായിട്ടില്ല. ചൂടുകാലമായതിനാൽ കിടപ്പുരോഗികളുള്ള വീടുകളിലും വൈദ്യുതി തടസം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കോലഞ്ചേരി ടൗൺ, പൂത്തൃക്ക, ഐക്കരനാട്, വാളകം, മഴുവന്നൂർ, പഞ്ചായത്തുകൾ എന്നിവയടക്കം വലിയൊരു പ്രദേശമാണ് കെ.എസ്.ഇ.ബി കോലഞ്ചേരി സെക്ഷന് കീഴിലുള്ളത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം ആരംഭിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.
ആവശ്യത്തിന് ജീവനക്കാരുമില്ല
വൈദ്യുതി തടസപ്പെടുമെന്ന് അറിയിപ്പ് മൊബൈലുകളിൽ സന്ദേശമായി എത്തുന്നത് വൈദ്യുതി പോയ ശേഷം
ഒരു ദിവസം വൈദ്യുതി തടസപ്പെടുന്നത് പത്തിലധികം തവണ
കെ.എസ്.ഇ.ബി കോലഞ്ചേരി സെക്ഷനിൽ ഒരു ഷിഫ്റ്റിൽ രണ്ടു ജീവനക്കാർ മാത്രം ഒരു ദിവസം പരിഹരിക്കുന്നത് നൂറിലധികം പരാതികൾ
ലൈനുകളിലെ പ്രശ്‌നം പരിഹരിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലെങ്കിൽ അപകട സാദ്ധ്യത കൂടുമെന്ന് ഭീതി.
പരിഹാരം ഉടനെന്ന് മറുപടി
ഹൈ ടെൻഷൻ ലൈനുകളിൽ പണികൾ നടക്കുന്നതിനാൽ ദീർഘ സമയം ഉണ്ടായേക്കാവുന്ന വൈദ്യുതി മുടക്കം ഒഴിവാക്കാൻ ലൈൻ മാറ്റി നൽകുന്നതിന് ഓഫ് ആക്കുന്നതാണെന്നും വൈകാതെ പ്രശ്നം പരിഹരിക്കുമെന്നും കെ.എസ് .ഇ.ബി.