ramachandran
എം. രാമചന്ദ്രൻ

കൊച്ചി: ഏഷ്യൻ ആർട്സ് സെന്ററും പൗർണമി ആർട് ഗ്യാലറിയും ചേർന്ന് നൽകുന്ന എം.വി. ദേവൻ പുരസ്കാര ജേതാവ് എം. രാമചന്ദ്രൻ കലാനിരൂപണത്തിലും കവിതയിലും ചിത്രകലയിലും കൈയൊപ്പ് പതിപ്പിച്ച വ്യക്തിത്വം. കേന്ദ്ര ലളിതകലാ അക്കാഡമി സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന രാമചന്ദ്രൻ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഇന്ത്യൻ സാംസ്കാരികവിഭാഗം മേധാവിയുമായിരുന്നു.

ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ്, മാവേലിക്കരയിലുള്ള രാജാ രവിവർമ്മ ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലും വിസിറ്റിംഗ് അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. റിച്വലിസ്റ്റിക് വിഷ്വൽകളേഴ്സ് ശ്രീലങ്ക ആൻഡ് ഇന്ത്യ, കാഴ്ചയും സംസ്കാരവും, സോമനാഥ് ഹോറെ എന്നീ പുസ്തകങ്ങളും രചിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലും കലാചരിത്രത്തിലും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് അഞ്ചിന് മറൈൻഡ്രൈവിലെ ജി സ്മാരക സാംസ്കാരികകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം. അനുസ്മരണപ്രഭാഷണം പ്രൊഫ. സി.എസ്. ജയറാം, പ്രൊഫ. എം. തോമസ് മാത്യു എന്നിവരും അവാർഡ് സമർപ്പണവും ചിത്രപ്രദർശനം ഉദ്ഘാടനവും മേയർ എം. അനിൽ കുമാറും നിർവഹിക്കും. ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി ബാലമുരളി കൃഷ്ണൻ, ചിത്രകാരൻ ടി. കലാധരൻ, സുരേഷ് കൂത്തുപറമ്പ, ബിനുരാജ് കലാപീഠം തുടങ്ങിയവർ പങ്കെടുക്കും. പ്രദർശനം മേയ് 7ന് സമാപിക്കും.