വർഷം 1

 യാത്രികർ 20 ലക്ഷം..

കൊച്ചി: ഒരൊറ്റ വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാരെന്ന അപൂർവ നേട്ടത്തിന് നെറുകയിൽ കൊച്ചി വാട്ടർ മെട്രോ. പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25നാണ് ഒരു വർഷം പൂർത്തിയായത്. ആറ് മാസം പിന്നിട്ട ഒക്ടോബർ 16 ന് യാത്രികരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. തൊട്ടടുത്ത ആറ് മാസത്തിനകം 10 ലക്ഷം യാത്രക്കാരെ കൂടി വാട്ടർ മെട്രോയിലെത്തിക്കാൻ വാട്ടർ മെട്രോയ്ക്ക് സാധിച്ചു. പ്രത്യേക ഓഫറുകൾ, റൂട്ടുകളുടെ വിനോദസഞ്ചാര സാദ്ധ്യതകൾ എന്നിവ നേട്ടത്തിന് മുതൽക്കൂട്ടായി.

14 ബോട്ടുകളുമായി 5 റൂട്ടുകളിലാണ് നിലവിൽ സർവീസ്. ഹൈ കോർട്ട് ജംഗ്ഷൻ - ഫോർട്ട് കൊച്ചി, ഹൈക്കോർട്ട് ജംഗ്ഷൻ - വൈപ്പിൻ, ഹൈ കോർട്ട് ജംഗ്ഷൻ - ബോൾഗാട്ടി വഴി സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂരിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ, വൈറ്റില - കാക്കനാട് എന്നിവിടങ്ങളിലാണ് സർവീസ്.

കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവീസ് ആരംഭിച്ചേക്കും. സെപ്തംബറോടെ അഞ്ച് ബോട്ടുകൾ കൂടി നൽകുമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.


ഇളവുകളേറെ...

ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്

സ്ഥിരം യാത്രക്കാർക്ക് നിരക്കിൽ ഇളവുകളോടെ പ്രതിവാര- പ്രതിമാസ പാസുകൾ

 കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാമെന്ന പ്രത്യേകത


ഇലക്ട്രിക് ബോട്ടുകളുടെ ഫ്‌ളീറ്റ്

ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബോട്ടുകളുടെ ഫ്ളീറ്റ് കൊച്ചി വാട്ടർ മെട്രോയ്ക്കാണ്. പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.

 സോഷ്യൽമീഡിയയിലും ഹിറ്റ്

അഴിമുഖ കാറ്റേറ്റ് കൊച്ചി കായലിലൂടെയുള്ള വാട്ടർമെട്രോ യാത്ര നിരവധി സഞ്ചാരികളെയാണ് കൊച്ചിയിലേക്ക് ആകർഷിച്ചത്. സോഷ്യൽ മീഡിയയിൽ ഹിറ്റാണ് വാട്ടർ മെട്രോയാത്രാ വീഡിയോകൾ. ഹൈക്കോർട്ട്- വൈപ്പിൻ ടെർമിനലിലേക്കുള്ള യാത്ര ആഭ്യന്തര സഞ്ചാരികൾ ഏറ്റെടുത്തത് പോലെ തന്നെ കഴിഞ്ഞ ദിവസം ആരംഭിച്ച വൈപ്പിൻ- ഫോർട്ടുകൊച്ചി സർവീസിൽ അവധിദിവസങ്ങളിൽ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കാണ്.