കൊച്ചി: നൂറിലേറെ വയോജനങ്ങളെ സംരക്ഷിക്കുന്ന കാലടി മാണിക്യമംഗലം ആസ്ഥാനമായ സായിശങ്കര ശാന്തി കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് നടൻ കൃഷ്ണ പറഞ്ഞു. കേന്ദ്രത്തിലെ അന്തേവാസികൾക്കായി ആൾ കേരള ട്വിൻസ് കമ്മ്യൂണിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച ഇരട്ടകളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്രയേറെ ഇരട്ട ജോഡികളെ ഒരു കുടക്കീഴിലെത്തിച്ചത് അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ പറഞ്ഞു.
സൺറൈസ് ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ പർവീൺ ഹഫീസ്, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡിപ്പാർട്‌മെന്റ് സി.ഐ വി.കെ. മധു, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി, സായിശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ഇരട്ടകൾക്കും മുഖ്യാതിഥികൾക്കും ഉപഹാരവും നൽകി.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം കലാപരിപാടികളും സ്‌നേഹസദ്യയും നടന്നു.