ആലുവ: താത്ക്കാലിക കോടതികൾക്ക് സൗകര്യമൊരുക്കാൻ ആലുവ ടെലിഫോൺ എക്‌ചേഞ്ച് പ്രധാന കെട്ടിടത്തിൽ നിന്ന് വളപ്പിൽ തന്നെയുള്ള ചെറിയ കെട്ടിടത്തിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. നിലവിൽ പ്രവർത്തിക്കുന്ന ആലുവ മുൻസിഫ് കോടതിയും രണ്ട് മജിസ്‌ട്രേറ്റ് കോടതികളുമാണ് ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ജൂലായ് ഒന്നുമുതൽ കോടതികൾ മാറ്റാനാണ് നീക്കം. പ്രധാന കെട്ടിടം ഒഴിഞ്ഞുകിട്ടിയാൽ കോടതിക്കായി ഒരുക്കങ്ങൾ ആരംഭിക്കും. നിർദിഷ്ട ആലുവ കോടതി സമുച്ചയ കെട്ടിടം നിലവിലെ കെട്ടിടം പൊളിച്ച ശേഷമാണ് നിർമ്മിക്കുക. നിർമ്മാണം പൂർത്തിയാകുന്നതുവരെ ബി.എസ്.എൻ.എൽ കെട്ടിടത്തിൽ കോടതികൾ പ്രവർത്തിക്കും. 37.2542 കോടി രൂപയാണ് സർക്കാർ നാലുനില കെട്ടിടത്തിന് അനുവദിച്ചിരിക്കുന്നത്.
പുതിയ കെട്ടിടം വരുന്നതോടെ ബി.എസ്.എൻ.എൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോടതികൾക്ക് പുറമെ മറ്റ് കെട്ടിടങ്ങളിൽ വാടകക്ക് പ്രവർത്തിക്കുന്ന കുടുംബ കോടതി, പോക്‌സോ കോടതി എന്നിവയും മാറ്റി സ്ഥാപിക്കും. പുതിയതായി എം.എ.സി.ടി കോടതിയുമുണ്ടാകും.