ആലുവ: ജലജീവൻ മിഷൻ പദ്ധതി തിരക്കേറിയ ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിനെ അപകടക്കെണിയിലാക്കി. ഭൂഗർഭ പൈപ്പുകൾ സ്ഥാപിച്ച ഭാഗത്ത് വിതറിയ മെറ്റലുകൾക്ക് മുകളിലൂടെ കാൽനട യാത്രികരും ജനങ്ങളും യഥാർത്ഥത്തിൽ 'സാഹസിക യാത്ര' നടത്തുകയാണ്.
കീഴ്മാട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട തോട്ടുമുഖം മുതൽ ചാലക്കൽ പകലോമറ്റം കവല വരെയാണ് റോഡിന് ഇരുവശവും പൈപ്പിടൽ നടത്തിയത്. പൈപ്പിടൽ പൂർത്തീകരിച്ചെങ്കിലും മാസങ്ങളായി ഒച്ചിഴയും വേഗത്തിലാണ് അനുബന്ധ ജോലികൾ നടക്കുന്നത്. പൈപ്പിടൽ പൂർത്തിയായ ഭാഗങ്ങളിൽ ടാറിംഗ് നടത്താതെ വലിയ മെറ്റൽ നിരത്തിയതാണ് വിനയായത്. ഇത് ഉറപ്പിക്കാൻ റോളർ ഉപയോഗിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
വാഹനങ്ങൾ മെറ്റലിൽ കയറി അപകടങ്ങളും പതിവാണ്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. വാഹനങ്ങൾ സൈഡിലേക്ക് നീക്കാൻ പറ്റാത്തതിനാൽ ഒറ്റവരി ഗതാഗതം മാത്രമാണ് നടക്കുന്നത്. അതിനാൽ ഗതാഗതകുരുക്കും പതിവാണ്. റോഡിലെ കുഴികളിൽ ചാടിയും അപകടങ്ങൾ തുടർക്കഥയാകുന്നു.
സമരത്തോട് അവഗണന
ദുരിതയാത്രക്കെതിരായ നാട്ടുകാരുടെ പ്രതിഷേധവും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയും നാട്ടുകാരും പലതരം പ്രതിഷേധങ്ങൾ നടത്തിയെങ്കിലും നടപടിയില്ല
കാലവർഷം ആരംഭിക്കാനും സ്‌കൂൾ തുറക്കാനും ഒരുമാസം മാത്രം ബാക്കി നിൽക്കെ ജലജീവൻ മിഷൻ പദ്ധതി ഇഴയുന്നത് പ്രതിസന്ധിയാകും. പദ്ധതി എന്ന് പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർക്കും കൃത്യതയില്ല.
ടാറിംഗും വൈകി
ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കി മാസങ്ങൾക്കു മുമ്പ് പൂർത്തിയാവേണ്ട ആലുവ - പെരുമ്പാവൂർ റോഡിലെ ടാറിംഗും അനിശ്ചിതമായി നീളുകയാണ്. കാലവർഷം ആരംഭിച്ചാൽ ഇനിയും നീളും. പകലോമറ്റം മുതൽ ആലുവ വരെ ടാറിംഗ് ജോലികൾ നടക്കേണ്ടതുണ്ട്. ഒന്നര വർഷം മുമ്പ് ചാലക്കലിലെ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. എന്നിട്ടും അധികൃതർ നിസംഗത തുടരുന്നതാണ് നാട്ടുകാരെ കൂടുതൽ പ്രകോപിപ്പിക്കുന്നത്.