കോലഞ്ചേരി: എ.ഐ.സി.ടി.ഇ, വാദ്ധ്വാനി ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിൽ ദേശീയതലത്തിലെ സമർത്ഥരായ സ്കൂൾ - കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഐ.ഡി.ഇ ബൂട്ട് ക്യാമ്പ് ഇന്ന് തുടങ്ങും. രാവിലെ 10ന് കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രക്ഷാധികാരി കെ.കെ. കർണ്ണൻ അധ്യക്ഷനാകും. എ.ഐ.സി.ടി.ഇ അഡ്വൈസർ രമേഷ് ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ആർ. അനിലൻ, കോളേജ് മാനേജർ വി. മോഹനൻ, ട്രഷറർ കെ.എൻ. ഗോപാലകൃഷ്ണൻ, സി.ഇ.ഒ ഡോ.ഇ.പി. യശോധരൻ, പ്രിൻസിപ്പൽ ഡോ. എസ്. ജോസ്, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. പ്രതിഭ വർഗീസ് എന്നിവർ പങ്കെടുക്കും.

ഇന്നവേഷൻ ഡിസൈനും സംരംഭകത്വ കഴിവുകളും പരിപോഷിപ്പിക്കുന്നതിനായി നടക്കുന്ന ക്യാമ്പിന്റെ മൂന്നാമത് ഫേസിനാണ് കോളേജ് ആതിഥ്യമരുളുന്നത്. സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ മത്സരങ്ങളിൽ ഫൈനലിസ്റ്റുകളായ 175 പ്രതിഭകളും ലഡാക്ക്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള 50 വിദ്യാർത്ഥികളും അടൽ ടിങ്കറിംഗ് ലാബിൽ നിന്നുള്ള 20 സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ 300ലേറെപ്പേർ പങ്കെടുക്കുന്ന ക്യാമ്പ് മേയ് 3ന് സമാപിക്കും.

പങ്കെടുക്കുന്ന പ്രതിഭകളുടെ ആശയങ്ങളും കണ്ടുപിടിത്തങ്ങളും നിർമ്മിതികളും വിവിധ മേഖലയിലുള്ള വിദഗ്ദ്ധരുടെ മുന്നിൽ മേയ് 3ന് അവതരിപ്പിക്കും.