കൊച്ചി: കാലടി സായിശങ്കര ശാന്തി കേന്ദ്രത്തിലെ വയോധികരായ അമ്മമാരും അച്ഛൻമാരും ഇന്നലെ ഉത്സവ പ്രതീതിയിലായിരുന്നു. അവരെ കാണാൻ വിവിധ ജില്ലകളിൽ നിന്ന് എത്തിയത് 46 ജോഡി ഇരട്ടകൾ. സായി ശങ്കരശാന്തി കേന്ദ്രത്തിൽ നടന്ന ഇരട്ടകളുടെ സംഗമം 'വിസ്മയം 2024" പരിപാടിയാണ് അന്തേവാസികളെ ആമോദത്തിലാക്കിയത്.

നാലര വർഷം മുമ്പ് റാന്നി മോതിരവയൽ വാവോലിൽ വിശ്വാസി (28)ന് തോന്നിയ ആശയമാണ് ഇരട്ടകളുടെ കൂട്ടായ്മ. ഇരട്ട സഹോദരൻ വിയാസിനെയും പരിചയത്തിലുള്ള ഏതാനും ഇരട്ട സഹോദരങ്ങളെയും ചേർത്ത് തുടങ്ങിയ ആൾ കേരള ട്വിൻസ് കമ്മ്യൂണിറ്റിയിലെ 46 ജോഡികളാണ് സായിശങ്കര ശാന്തികേന്ദ്രത്തിലെത്തിയത്.

ഇവിടെയുള്ള നൂറോളം വയോധികർക്കൊപ്പം ആട്ടവും പാട്ടും കളിചിരിയുമായി അവർ ഒരുദിനം പങ്കിട്ടു. ഒന്നിച്ച് സ്‌നേഹ സദ്യയുമുണ്ടു.

ഗ്രൂപ്പിലെ അംഗങ്ങളായ സന്ദീപ് - സനൂപ്, ധനലക്ഷ്മി - ഭാഗ്യലക്ഷ്മി എന്നിവരുടെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു ഒത്തുചേരൽ. വിശ്വാസ്, ആതിര, വ്യാസ് പ്രിയ, പ്രീത, അശ്വിൻ, ടിജു, സുജിൻ, അർജുൻ, ടിനു, രാഹുൽ, രാകേഷ് എന്നിവരാണ് ഗ്രൂപ്പ് അഡ്മിൻമാർ.


റോബോട്ടിക് ആന, ട്രിപ്പ്ലെറ്റ്സ്

ഇരട്ട ജോഡികളെയെല്ലാം റോബോട്ടിക് ആനപ്പുറത്താണ് സായി ശങ്കര ശാന്തി കേന്ദ്രത്തിലേക്ക് ആനയിച്ചത്. ഒറ്റപ്രസവത്തിൽ ജനിച്ച മൂന്നുപേർ വീതമുള്ള രണ്ട് ട്രിപ്പ്ലെറ്റ്സും പരിപാടിയുടെ ആകർഷണമായി. കോഴിക്കോട് സ്വദേശികളായ എബിൻ, സുബിൻ, അബിൻ എന്നിവരും ആലപ്പുഴ സ്വദേശികളായ സംഗീത, സരിത, സവിത എന്നിവരുമായിരുന്നു അത്. പരിപാടിക്കെത്തിയ വിശിഷ്ട വ്യക്തികളും ഇരട്ടകൾക്കൊപ്പം ഫോട്ടോകളെടുത്ത് സന്തോഷം പങ്കുവച്ചു.

പരിപാടി ഗംഭീരമായി. ഇനിയും ഇത്തരം ഒത്തു ചേരലുകൾ നടത്തും
-വിശ്വാസ്, അഡ്മിൻ

ഇരട്ടകളുടെ സംഗമം ഉത്സവമാക്കി മാറ്റാനായതിൽ ഏറെ സന്തോഷം.
-പി.എൻ. ശ്രീനിവാസൻ
ഡയറക്ടർ, സായി ശങ്കര ശാന്തി കേന്ദ്രം