കൊച്ചി: നടുറോഡിൽ വച്ചിരുന്ന ബൈക്ക് നീക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിനും അടിപിടിക്കുമിടെ യുവാവിനെ മുൻ സുഹൃത്ത് കുത്തിക്കൊന്നു. തമ്മനം എ.കെ.ജി കോളനിയിൽ മനിൽകുമാറാണ് (മനീഷ് -34) മരിച്ചത്. സുഹൃത്ത് എറണാകുളം ഗാന്ധിനഗർ പൂനത്തിൽവീട്ടിൽ അജിത് ആന്റണിക്കും (35) കുത്തേറ്റു. ഇയാൾ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. കേസിൽ തമ്മനം എ.കെ.ജി കോളനിയിൽ പുത്തൻവീട്ടിൽ ജിതേഷിനെ (34) പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു. തമ്മനം കൂത്താപ്പാടി സ്വദേശി ആഷിക്കിനെ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. സുഹൃത്തുക്കളായിരുന്ന മനീഷും ജിതേഷും ഏതാനും വർഷംമുമ്പാണ് തെറ്റിപ്പിരിഞ്ഞത്.

ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജിതേഷ് വീട്ടിലിരുന്ന് മദ്യപിച്ചശേഷം സുഹൃത്ത് ആഷിക്കിനൊപ്പം എ.കെ.ജി കോളനിക്ക് പുറത്തെ കടയിലേക്ക് പോകുമ്പോൾ റോഡിന് നടുവിലായി മനീഷിന്റെ ബൈക്കിരിക്കുന്നത് കണ്ടു. ബൈക്ക് മാറ്റണമെന്ന ആവശ്യം മനീഷ് നിരസിച്ചു. തുടർന്നുണ്ടായ വാക്കുതർക്കം അടിപിടിയിലേക്ക് മാറി. ഇതിനിടെ മനീഷ് നിലത്തുവീണു. എഴുന്നേറ്റുവന്നശേഷം മൂവരും തമ്മിൽ അടിപിടി തുടർന്നു. നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കിയോടെ ജിതേഷും ആഷിക്കും വീട്ടിലേക്ക് മടങ്ങി.

മദ്യലഹരിയിലായിരുന്ന മനീഷ് സുഹൃത്ത് അജിത്തിനൊപ്പം ആഷിക്കിന്റെ വീട്ടിലെത്തി വിളിച്ചെങ്കിലും പുറത്തിറങ്ങിയില്ല. പ്രകോപിതരായ ഇരുവരും ഇയാളുടെ ബൈക്ക് തള്ളി പുറത്തേക്കുകൊണ്ടുപോയി. തുടർന്ന് ഇരുവരും ജിതേഷ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി അതിക്രമിച്ച് അകത്തുകടന്നു. തന്നെ അക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ജിതേഷ് ഇരുവരെയും കഠാരയെടുത്ത് കുത്തുകയായിരുന്നു. ആദ്യം അജിത്തിനും പിന്നാലെ മനീഷിനും കുത്തേറ്റു. പുറത്തും വയറിനുമാണ് മനീഷിന് കുത്തേറ്റത്. ഓടിരക്ഷപ്പെട്ട അജിത്താണ് മനീഷിന് കുത്തേറ്റ വിവരം അയൽവാസികളോട് പറഞ്ഞത്. സംഭവമറിഞ്ഞ് പാലാരിവട്ടം പൊലീസെത്തി മനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: സോണിയ. കുമാർ-നെജീറ എന്നിവരാണ് മാതാപിതാക്കൾ: സംസ്കാരം ഇന്ന് രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ. നാല് മാസം മുമ്പ് ഓൺലൈൻ വഴിയാണ് ജിതേഷ് കഠാര വാങ്ങിയത്. മരിച്ച മനീഷും വെട്ടേറ്റ് ചികിത്സയിലുള്ള അജിത്തും റൗഡി ലിസ്റ്റിലുള്ളവരാണ്.