മൂവാറ്റുപുഴ: അതികഠിനമായ ചൂടും ജലദൗർലഭ്യതയും മൂവാറ്റുപുഴ മേഖലയിൽ വരൾച്ച രൂക്ഷമാക്കുന്നു. മഞ്ഞള്ളൂർ, ആവോലി, കല്ലൂർക്കാട് മേഖലകളിൽ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെട്ട അവസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട് പലയിടത്തും അധികൃതരുമായി തർക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. കുടിവെള്ള ലഭ്യതക്കുറവിന്റേയും പ്രാദേശിക വിഷയങ്ങളുടേയും പേരിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റപ്പെട്ട രീതിയിൽ വോട്ട് ബഹിഷ്കരണവും ഉണ്ടായി. പുഴയിൽ മതിയായ അളവിൽ വെള്ളമില്ലാത്തതിനാൽ പമ്പിംഗ് തടസപ്പെട്ടതും ജലവിതരണത്തെ പ്രതികൂലമായി ബാധിക്കുന്നു. പുഴയിലും കുളങ്ങളിലും കിണറുകളിലും വെള്ളത്തിന്റെ നിരപ്പ് താഴ്ന്നതോടെ കൃഷിയിടങ്ങളും കരിഞ്ഞുണങ്ങുകയാണ്.

മുമ്പൊക്കെ വേനൽമഴ ലഭിച്ചിരുന്നപ്പോൾ മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ചേന, കപ്പ തുടങ്ങിയ തന്നാണ്ടുകൃഷികൾ ചെയ്തിരുന്നു. മേഖലയിൽ ഒരിടത്തും കാര്യമായ മഴ ലഭിക്കാത്തതിനാൽ ഇത്തവണ കൃഷിയിറക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ നാടൻ കാർഷികോത്പന്നങ്ങൾ ഗണ്യമായ തോതിൽ കുറയുകയാണ്. ജാതി, വാഴ, കമുക് തുടങ്ങിയവയെയും വരൾച്ച കാര്യമായി ബാധിച്ചു. പൈനാപ്പിൾ ചെടികൾ പലയിടങ്ങളിലും കരിഞ്ഞുണങ്ങി. വർഷങ്ങളോളം പരിപാലിച്ച് വിളവെടുപ്പു നടത്തുന്ന ജാതി മരങ്ങളും ഇലകൾ കരിഞ്ഞ് തണ്ടുണങ്ങി തുടങ്ങിയതായി കർഷകർ പറയുന്നു. വളർത്തുമൃഗങ്ങളും ഉഷ്ണവും ജലക്കുറവും മൂലം ദുരിതത്തിലാണ്. പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. പശുക്കൾക്കുള്ള തീറ്റപ്പുല്ലും കിട്ടാതായി. കുടിവെള്ളം പോലും കിട്ടാക്കനിയാകുന്നതോടെ മിക്ക വീടുകളിലെയും ഉദ്യാന ചെടികൾ പോലും കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. സമീപ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭിച്ചെങ്കിലും മൂവാറ്റുപുഴ മേഖലയിൽ മഴ അകന്നു നിൽക്കുകയാണ് .