choode

കൊച്ചി: ജി​ല്ലയി​ലെ രാത്രി​ താപനി​ലയി​ലെ അസാധാരണ വർദ്ധന ജനങ്ങൾക്ക് രാത്രി​യി​ലും സ്വസ്ഥമായി​ ഉറങ്ങാൻ കഴി​യാത്ത അവസ്ഥ സംജാതമാക്കുന്നു. സാധാരണ വേനലിൽ 25 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്ന രാത്രിച്ചൂട് ഇപ്പോൾ 30 ഡിഗ്രി സെൽഷ്യസായി. വർദ്ധന മൂന്ന് ഡിഗ്രിസെഷ്യസ്. ഇനിയും ചൂട് ഉയർന്നേക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ വിദഗദ്ധർ നൽകുന്നത്.

വയനാട്, ഇടുക്കി, പത്തനംതിട്ട് ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും രാത്രിച്ചൂട് 30 ഡിഗ്രി സെഷ്യസിനോട് അടുത്തു. അന്തരീക്ഷോഷ്മാവ് കൂടുന്നതും നഗരവത്കരണവും അറബിക്കടലിന്റെ താപനില ഉയർച്ചയുമാണ് രാത്രിച്ചൂട് കൂടാൻ കാരണമെന്ന് വി​ദഗ്ദ്ധർ. 37 ഡിഗ്രി സെൽഷ്യസാണ് പകൽച്ചൂട്. രാത്രിയിലെയും തീച്ചൂട് സാധാരണക്കാരെ പോലും എ.സി വാങ്ങാൻ നിർബന്ധിതരാക്കുന്നുവത്രെ.

 പകൽച്ചൂടിനെ പിടിച്ചുവച്ച് (ബോക്സ്)

കണക്കിൽ 'ചൂടുകുറഞ്ഞ ജില്ലയാണ്' എറണാകുളം. ജില്ല ചൂടിൽ വെന്തുരുകുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കുറവാണ് ഇപ്പോൾ അന്തരീക്ഷോ‌ഷ്‌മാവ്. പാലക്കാടും ആലപ്പുഴയും ചുട്ടുപൊള്ളുന്ന സാഹചര്യത്തി​ലാണി​ത്.

ഈ നില തുടർന്നാൽ 38 ഡിഗ്രി മുകളിലേക്കുള്ള ചൂട് പട്ടികയിൽ എറണാകുളവും എത്തും. ഈ ചൂടിനെ പിടിച്ചുവയ്ക്കുന്നതാണ് രാത്രിതാപനില ഉയരുന്നതിന്റെ കാരണം.

വി​ല്ലനായി​ നഗരവത്കരണം, കടൽ താപനിലയി​ലെ വർദ്ധന

• ചൂടൻ കടൽ - ചൂടിനെ ആഗിരണം ചെയ്യാത്തവിധമായി അറബിക്കടലിലെ ജലം. നിലവിൽ 1.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് കടൽജലത്തിനുള്ളത്. കേരളത്തോട് ചേർന്നുകിടക്കുന്നതിനാൽ ഇത് കാലാവസ്ഥയെ വലിയരീതിയിൽ സ്വാധീനിക്കുന്നുണ്ട്. രാത്രിച്ചൂടിന്റെ പ്രധാനകാരണമിതാണ്.

• നഗരവത്കരണം- കേരളമാകെ നഗരവത്കരണമായി. ഉയർന്നുപൊങ്ങുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ പകൽച്ചൂടിനെ പിടിച്ചുവയ്ക്കും. രാത്രിയിലെ താപനിലയുടെ വർദ്ധനയ്ക്ക് ഇത് വഴിവയ്ക്കും

• അന്തീക്ഷ ആർദ്രത - അന്തരീക്ഷത്തിലെ നീരാവി തങ്ങിനിൽക്കുന്നതും രാത്രിച്ചൂടിന് കാരണമാകുന്നു. 80 മുതൽ 90 ഡിഗ്രിയാണ് അന്തരീക്ഷ ആർദ്രത.

 ഇല്ല, ഉഷ്ണതരംഗമില്ല

എറണാകുളം ജില്ലയിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യത കുറവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൂടുകൂടുതലാണെങ്കിലും പാലക്കാട്, തൃശൂർ ജില്ലകളുടേതിന് സമാനമായി താപനില എറണാകുളത്തില്ല. മേയ് പകുതിവരെ ചൂട് തുടരും. ഇടയ്ക്ക് വേനൽമഴയും ജില്ലയിൽ ലഭിച്ചിരുന്നു. നിലവിൽ പാലക്കാട് ഓറഞ്ച് അലർട്ടും തൃശൂരിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 കിണറുകൾ വിറ്റുന്നു

വേനൽമഴ കുറഞ്ഞതി​നാൽ ജില്ലയിൽ കിണറുകളിൽ ജലലഭ്യത കുറയുന്നു. വിവിധ പ്രദേശങ്ങളിൽ കിണറുകളിലടക്കം ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ജലക്ഷാമം കുറഞ്ഞ മേഖലകളിൽ പോലും ശുദ്ധജല പ്രതിസന്ധിയായി. വരുംദിവസങ്ങളിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് കുടിവെള്ളക്ഷാമം വ്യാപി​ക്കുമെന്നാണ് വിലയിരുത്തൽ.

..............................

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ മേയ് മൂന്ന് വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്.


കേന്ദ്ര കാലാവസ്ഥ വകുപ്പ്