padma

കൊച്ചി: ''വെറും 15 മിനിട്ട് നടന്നാൽ ലക്ഷ്യത്തിൽ എത്തുമായിരുന്നു. അതിനിടെയായിരുന്നു ആഗ്രഹങ്ങളെ തലകീഴായ് മറിച്ച അപകടം. കാൽതെന്നി മഞ്ഞുപുതച്ച മലഞ്ചരിവിലേക്ക് ഊർന്ന് വീണു. സുഹൃത്ത് റിക്കാർഡോ നീട്ടിനൽകിയ സ്‌കീപോളിൽ പിടികിട്ടിയില്ലായിരുന്നെങ്കിൽ മരണം ഉറപ്പായിരുന്നു. ഇതുകൊണ്ട് തോറ്റുപിന്മാറില്ല. മൈയെല്ലയിലേക്ക് വീണ്ടും പോകും. എവറസ്റ്റാണ് ലക്ഷ്യം.'' റോമിലെ മൈയെല്ല മലയിൽനിന്ന് ഇറ്റാലിയൻ വ്യോമസേന രക്ഷപ്പെടുത്തിയ മലയാളി അനൂപ് കോഴിക്കാടൻ മഞ്ഞിലുറച്ചുപോയ മണിക്കൂറുകളെക്കുറിച്ചും തന്റെ ലക്ഷ്യങ്ങളെക്കുറിച്ചും പറയുമ്പോൾ വാക്കുകളിൽ ആത്മവി​ശ്വാസത്തി​ന്റെ കരുത്ത്.

13-ാം വയസിലാണ് കാലടി കാഞ്ഞൂർ സ്വദേശിയായ അനൂപ് ഇറ്റലിയിലേക്ക് പറക്കുന്നത്. മാതാപിതാക്കൾ വർഷങ്ങളായി ഇറ്റലിയിലായിരുന്നു. ഹോട്ടൽ ജോലി​ക്കി​ടെ നാലുമാസം മുമ്പാണ് ഇറ്റലിക്കാരനായ മാനേജർ റിക്കാഡോയെ പരിചയപ്പെടുന്നത്. ഹൈക്കിംഗിലെ കമ്പം ഇരുവരെയും സുഹൃത്തുക്കളാക്കി. മൈയെല്ല മലയിലേക്ക് അനൂപിനെ എത്തിച്ച് ഈ സൗഹൃദമാണ്. മൂന്നരമണിക്കൂറിൽ കീഴടക്കാവുന്നതേയുള്ളൂ മൈയെല്ല.

'' രാവിലെ ഒമ്പതിന് തുടങ്ങിയ നടത്തം ക്രമേണ ദുഷ്‌കരമായി. അരയോളമായിരുന്നു മഞ്ഞ്. ഇതെല്ലാം മറികടന്നെങ്കിലും ലക്ഷ്യത്തിലെത്താൻ മലഞ്ചരിവുകൂടി കടക്കണമായിരുന്നു. അപ്പോഴേക്കും ഇരുട്ടുപരന്നു. മഞ്ഞുറച്ച് ഐസ്‌പാളിയായ മേഖലയിലൂടെയുള്ള നടത്തം അപകടമാകുമെന്ന് മനസ് പറഞ്ഞെങ്കിലും എട്ട് മണിക്കൂർ തിരിച്ചുനടക്കാൻ കഴിയുമായിരുന്നില്ല. ചുവടുപിഴച്ചാൽ 2400 അടി താഴ്ചയിലേക്ക് പോകും. ഇന്ത്യക്കാരനടക്കം നാലുപേരുടെ ജീവനെടുത്ത മേഖലയാണെന്ന് അറിയാതെയാണ് നടന്നത്. പെട്ടെന്ന് കാലിടറി. അപ്പോഴേക്കും ദൈവം കൈനീട്ടിയതുപോലെ റിക്കാർഡോ സ്‌കീപോൾ നീട്ടി. അതിൽ പിടിച്ച് നടക്കുന്നതിനിടെ പ്രതീക്ഷയുടെ കച്ചിത്തുരുമ്പുപോലെ ചെറിയപാറ കിട്ടി. പിന്നീടുള്ള അഞ്ചരമണിക്കൂർ അവിടെനിന്ന് അനങ്ങിയില്ല. കരഞ്ഞുപോയി. കൂട്ടിരുന്ന റിക്കാർഡോയുടെ കാലുകൾ അപ്പോഴേക്കും മരവിച്ചുപോയിരുന്നു. ഇത് തിരിച്ചറിഞ്ഞ് അനൂപ് സുഹൃത്തിനെ മുകളിലെ താവളത്തി​ലേക്ക് നിർബന്ധിച്ച് പറഞ്ഞുവിട്ടു.

മൂന്ന് ഹെലികോപ്ടർ,

45 അംഗ രക്ഷാസംഘം

മൂന്ന് ഹെലികോപ്ടറുകളാണ് രക്ഷാദൗത്യത്തിന് എത്തിയത്. 45 അംഗ ടീമിനെ ഇതിനായി നിയോഗിച്ചിരുന്നു. മഞ്ഞുമല കയറാൻ വിദഗ്ദ്ധരായ നാലംഗ സംഘത്തെ ഇവിടെ എത്തിച്ചാണ് അനൂപിനെയും റിക്കാർഡോയെയും രക്ഷപ്പെടുത്തിയത്. 11മണിക്കൂർ നീണ്ട ചികിത്സയ്ക്കുശേഷമാണ് അനൂപ് വീട്ടിലേക്ക് മടങ്ങിയത്. കാൽവിരൽ ഇപ്പോഴും മരവിച്ചപോലെയാണ്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് വീട്ടുകാർ അറിയുന്നത്. മലയിൽ കുടുങ്ങിയത് സഹോദരിയെ അറിയിച്ചിരുന്നു.

വേനലി​ൽ വീണ്ടും മൈയെല്ലയിലേക്ക് പോകും. എവറസ്റ്റാണ് ലക്ഷ്യം. വൈകാതെ ആ ഉയരവും കീഴടക്കും

- അനൂപ് കോഴിക്കാടൻ