
മട്ടാഞ്ചേരി: ചെറളായി കരിപ്പാലത്തിനു സമീപം ഷഷ്ഠിപറമ്പിലെ കുട്ടിക്കൂട്ടം ഇനി ഒരാഴ്ച ഉത്സവ നടത്തിപ്പിന്റെ തിരക്കിലാണ്. ആറു പതിറ്റാണ്ടു മുമ്പ് തുടങ്ങിയതാണ് ഇവിടെ വേനലവധിക്കാലത്തെ കുട്ടികളുടെ ആറാട്ടുത്സവം.
ക്ഷേത്രോത്സവ മാതൃകയിൽ തന്ത്രി മുതൽ ഉത്സവ നടത്തിപ്പ് കമ്മിറ്റി വരെ കുട്ടികളുടെ നിയന്ത്രണത്തിലായിരിക്കും. 61-മത് ഉത്സവമാണ് ഇത്തവണ കൊടിയേറിയത്. മേയ്5 ന് ആറാട്ട്.
കൊച്ചി ടി.ഡി ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളുടെ രൂപത്തിൽ കൊടിയേറ്റ്, ശീവേലി, വിഷ്ണു യാഗം, പറയെടുപ്പ്, പല്ലക്ക് പൂജ, പള്ളിവേട്ട, അവഭൃതം, ആറാട്ട്, ഗരുഡവാഹന പൂജ തുടങ്ങിയവയെല്ലാം നടക്കും.
ടാർപ്പോളിൻ കൊണ്ടുള്ള താത്കാലിക ക്ഷേത്രം, ദേവ വിഗ്ര ഹങ്ങൾ, ശീവേലിക്ക് മര ആന, ചെറുതും വലുതുമായ എഴുന്നള്ളിപ്പ് പല്ലക്ക്, പള്ളിവേട്ട പുറപ്പാടിന് മരക്കുതിര, മരത്തിന്റെ ഗരുഡൻ തുടങ്ങിയവ ഉത്സവ കമ്മിറ്റിക്ക് സ്വന്തമായുണ്ട്.
1963ൽ കളികൾക്കിടയിൽ ഉയർന്ന ആശയമാണ് കുട്ടികളുടെ ആറാട്ട് ഉത്സവത്തിന് തുടക്കമിട്ടത്. ഇതിനെ മാതൃകയാക്കി ചെറളായി, അമരാവതി, കൂവപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും കുട്ടികളുടെ ഉത്സവം തുടങ്ങി. പലയിടത്തും ഉത്സവം നിലച്ചുപോയെങ്കിലും ചെറളായി ഷഷ്ഠിപറമ്പിൽ ഇന്നും തുടരുന്നു.
ഇന്നലെ ഉച്ചയ്ക്ക് തന്ത്രി അർപ്പിത് പ്രഭു കുട്ടികളുടെ ഉത്സവത്തിന് കൊടിയേറ്റി. നവനീത് കമ്മത്ത്, സച്ചിൻ പ്രഭു എന്നിവരാണ് ശാന്തിമാർ. ഗോവിന്ദ് വി. പൈ, വിഷ്ണു പ്രസാദ് വി. പ്രഭു എന്നിവരാണ് ഭരണസമിതി നേതൃത്വം.
കുട്ടികളുടെ ഉത്സവം ഷഷ്ഠിപറമ്പിലെ മുതിർന്നവർക്കും ഉത്സവകാലമാണ്. ഉത്സവം കുട്ടികളുടേതാണെങ്കിലും സാമ്പത്തികവും സദ്യയും മറ്റ് ഒരുക്കങ്ങളും നടത്തുന്നതിന് പ്രായഭേദമെന്യേ എല്ലാവരും സഹായികളായെത്തും. ഷഷ്ഠിപറമ്പിൽ നിന്ന് മറ്റു ദിക്കുകളിൽ താമസമാക്കിയവരും ഉത്സവ വേളയിൽ നാട്ടിലെത്തി പങ്കെടുക്കും.