മൂവാറ്റുപുഴ: നഗരസഭയുടെ സഹകരണത്തോടെ രണ്ടാഴ്ചയായി മൂവാറ്റുപുഴ സ്റ്റേഡിയത്തിൽ നടന്നു വരുന്ന ഫെസ്റ്റ് വണ്ടർ വേൾഡിൽ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പ്രവേശനം സൗജന്യം. എല്ലാവിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. അമ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുളള പന്തലിൽ നടക്കുന്ന ഫെസ്റ്റ് പ്രധാനമായും ലക്ഷ്യമിടുന്നത് അവധിക്കാലം ആഘോഷിക്കുന്ന കുട്ടികളെയാണ്. ദൃശ്യവിസ്മയങ്ങളും അമ്യൂസ്‌മെന്റ് പാർക്കും കൗതുക ഗെയിമുകളും ഫുഡ് കോർട്ടും വാണിജ്യ സ്റ്റാളുകളും കുട്ടികളെയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുന്നു. ബാഹുബലി ചലച്ചിത്ര പ്രവർത്തകർ ഒരുക്കിയ ലണ്ടൻ സിറ്റി വിസ്മയ കാഴ്ചയാണ്. ജയിംസ് കാമറൂൺ സംവിധാനം ചെയ്ത ചലച്ചിത്രം അവതാർ രണ്ടിന്റെ പുനരാവിഷ്കാരവും ആകർഷകമാണ്. റോബോട്ടിക് സൂവും ഫെസ്റ്റിന്റെ പ്രത്യേകതയാണ്. തുണിത്തരങ്ങൾ, ഫർണീച്ചറുകൾ, കരകൗശല വസ്തുക്കൾ, കളിപ്പാട്ടങ്ങൾ ആയൂർവേദ ഉത്പന്നങ്ങൾ, ആദ്യകാല മിഠായികൾ, പുസ്തകങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ വിപണനവും ഫെസ്റ്റിൽ ഉണ്ട്. കാറ്, മോട്ടോർ ബൈക്ക് എന്നിവ ഉപയോഗിച്ചുള്ള വനിതകളുടെ അടക്കം മരണകിണർ പ്രകടനവും ശ്രദ്ധേയമാണ്. ഡിസ്നി ലാന്റ്, ആകാശ ഊഞ്ഞാൽ, ട്രാഗൺ ട്രെയിൻ, ഡിസ്കോ എന്നിവയും കുട്ടികൾക്കുളള വിവിധ റൈഡുകളും ഫെസ്റ്റിനെ വേറിട്ടതാക്കുന്നു.