sndp
എസ് എൻ ഡി പി യോഗം കടാതി ശാഖയുടെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ 3മത് വാർഷികത്തോടനുബന്ധിച്ചു നടന്ന കുടുംബ സംഗമം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ : എസ്.എൻ.ഡി.പി യോഗം കടാതി ശാഖയുടെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ 3മത് വാർഷികത്തോടനുബന്ധിച്ചു നടന്ന കുടുംബ സംഗമം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി കെ.എസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ അനുഗ്രഹ പ്രഭാഷണവും ശാഖയിൽ വാങ്ങിയ ഡൈനിംഗ് ടേബിളുകളുടെ സമർപ്പണ ഉദ്ഘാടനവും നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ ഭിന്നശേഷി സൗഹൃദ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ. തമ്പാൻ ശാഖാ പ്രാർത്ഥനഹാളിലെ ചൂട് കുറയുന്നതിനുള്ള എക്സോസ്റ്റ് സംവിധാനത്തിന്റെ ഉദ്ഘാടനവും നടത്തി. കുടുംബസംഗമത്തിൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ. ബിജി ദിലീപിനേയും വാളകം ഗ്രാമപഞ്ചായത്തിലെ യുവ കർഷകനായ സജിൽ കൊടക്കപ്പിള്ളിലിനെയും മികച്ച വനിത കർഷക ബിന്ദു ദിലീപിനേയും ആദരിച്ചു. നെടുങ്കണ്ടം യൂണിയൻ ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. ദിലീപ് എസ്. കല്ലാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ് വിൽസൻ, ശ്രീനിവാസൻ, ശാഖാ യൂണിയൻ കമ്മിറ്റിയംഗം ഏ.സി. പ്രതാപചന്ദ്രൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ എം.ആർ വിജയൻ, കെ.റ്റി. ബിനുകുമാർ, മണികണ്ഠൻ, സീമ അശോകൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെകട്ടറി എം.എസ്. ഷാജി സ്വാഗതവും, കമ്മിറ്റിയംഗവും വാർഷിക ആഘോഷങ്ങളുടെ കൺവീനറുമായ എം.ആർ സമജ് നന്ദിയും പറഞ്ഞു . പ്രസാദ ഊട്ടിന് ശേഷം ശാഖാ കുടുംബാംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികളും സോപാന തീർത്ഥം ആരക്കുഴ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായി.